പാചകവാതകത്തിന് എത്രവിലകൂടിയാലും ഒറവങ്കര ഹോട്ടല്‍ പൂട്ടില്ല, വിലയും കൂട്ടില്ല.

തളിപ്പറമ്പ്: പാചകവാതകത്തിന് എത്ര വിലകൂടിയാലും ക്ഷാമമുണ്ടായാലും പാണപ്പുഴയിലെ ഒറവങ്കര ഹോട്ടലിന് യാതൊരു പ്രശ്‌നങ്ങളുമില്ല.

ഒറവങ്കര ഭഗവതി ക്ഷേത്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ പാചകത്തിന് പൂര്‍ണമായും ഉപയോഗിക്കുന്നത് വിറകാണ്.

പാണപ്പുഴയിലെ ദമ്പതികളായ ടി.വി.രഞ്ജിത്തും കെ.പ്രസീലയുമാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍.

10 വര്‍ഷം മുമ്പ് രഞ്ജിത്തിന്റെ പിതാവ് ആരംഭിച്ച ഹോട്ടല്‍ 5 വര്‍ഷം മുമ്പാണ് ഇവര്‍ ഏറ്റെടുത്തത്.

ചെറിയ തോതില്‍ നടത്തിയിരുന്ന ഹോട്ടല്‍ വിപുലീകരിച്ചു.

രാവിലെ 6 മണിമുതല്‍ രാത്രി 11 വരെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം.

വിറകടുപ്പില്‍ തന്നെയാണ് ചായ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത്.

വിഭവങ്ങളിലും ഏറെ പ്രത്യേകതകള്‍ ഇവിടെയുണ്ട്.

സാധാരണ ഇഡലിയുടെ ഇരട്ടി വലുപ്പമുള്ള ഇവിടെത്തെ ഇഡലിയും ചട്ണിയും ഏറെ വിശേഷപ്പെട്ടതാണ്.

നിരവധിയാളുകള്‍ ഇത് പാര്‍സലായി വാങ്ങിക്കൊണ്ടുപോകാറുമുണ്ട്.

ചായയും കടിയും 10 രൂപക്കാണ് നല്‍കുന്നത്.

ഉച്ചക്ക് 12 മുതല്‍ രാത്രി 11 വരെ ഊണ്‍ ലഭിക്കുന്ന ഇവിടെ 50 രൂപയാണ് ഊണിന് ഈടാക്കുന്നത്.

കുരുമുളകിട്ട് വരട്ടിയ ചിക്കനാണ് സ്‌പെഷ്യല്‍.

ഇത് ആവശ്യക്കാര്‍ക്ക് കയ്യിലുള്ള പണത്തിന്റെ തോതനുസരിച്ച് നല്‍കും, 10 രൂപക്കും 20 രൂപക്കും ചിക്കന്‍കഴിക്കാം, നിശ്ചിതമായ വിലയില്ല.

ചിക്കനും ഊണിനും പരമാവധി 100 രൂപയില്‍ അധികമാവില്ല.

ചോറ് എത്രതവണ വേണമെങ്കിലും വിശപ്പ് തീരുന്നതുവരെ നല്‍കുമെന്ന് രഞ്ജിത്ത് പറയുന്നു.

ചെങ്കല്‍ ലോറികളിലെ ജീവനക്കാരാണ് ഇവരുടെ ഹോട്ടലിനെ കൂടുതലായി ആശ്രയിക്കുന്നത്.

വീട്ടിലും ഇതേവരെ പാചകവാതക കണക്ഷന്‍ എടുത്തില്ലെന്ന് പ്രസീല പറഞ്ഞു.

പരമ്പരാഗതമായി പാചകത്തിന് ഉപയോഗിച്ചുവരുന്ന വിറകല്ലാതെ മറ്റൊരു രീതി ചിന്തിച്ചിട്ടുപോലുമില്ലെന്നും ഹോട്ടലില്‍ വിറകടുപ്പ് ഉപയോഗിക്കുന്നതാണ് ഏറെ ലാഭകരമെന്നും ഇവര്‍ പറഞ്ഞു.

പാചകവും ഭക്ഷണം നല്‍കലും ശുചീകരണവും എല്ലാം ദമ്പതികള്‍ മാത്രമാണ് നടത്തുന്നത്.

പുറമെനിന്ന് ആരെയും ജോലിക്ക് വെച്ചിട്ടില്ലെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുടുംബാംഗങ്ങള്‍ സഹായിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു.

പാചകവാതകക്ഷാമത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പുകിലുകളൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും, ഭാവിയിലും നിലവിലുള്ള രീതി മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.