കരിമ്പത്ത് 1.213 കിലോ കഞ്ചാവുമായി വ്യാജ ദമ്പതികള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍.
തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള സംഘവും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് റെയിഡ് ചെയ്ത് ഇവരെ പിടികൂടിയത്.
ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സിദ്ധാര്‍ത്ഥ്‌നഗര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം നാഗോണ്‍ സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്.
പ്രതികളുടെ താമസം സ്ഥലം കേന്ദ്രീകരിച്ചു രാത്രി കാലങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ വന്നു പോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്ത്രീകളെ ഉപയോഗിച്ച് ആണ് ലഹരി മാഫിയ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് എന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് പരിശോധനയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് സ്ത്രീകളെ ലഹരി മാഫിയ ഉപയോഗിക്കുന്നത്.
നിരോധിത ലഹരിവസ്തുക്കള്‍ സൂക്ഷിക്കുന്നതിന്റെ അനന്തര ഫലത്തെ കുറിച്ച് വ്യക്തമായി അറിവില്ലാതെയാണ് പല സ്ത്രീകളും മയക്കു മരുന്ന് മാഫിയയുടെ ചങ്ങലയില്‍ അകപ്പെടുന്നത്.
തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ ഇവര്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
രണ്ടു പേരും മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളുമായി ബന്ധമുള്ളവ തദ്ദേശവാസികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇവരെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്.
പ്രതികളെ തളിപ്പറമ്പ് ഡിവൈ.എസ്.പി പി.പ്രമോദിന്റെ
നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ. പ്രേജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും വാഹന പരിശോധനയും ഏപ്രില്‍ മാസം മുതല്‍ നടത്തി വരികയാണ്.
അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തു.
റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റ സഹായത്തോടെ തളിപ്പറമ്പ് പോലീസ് നിരവധി പേരെ മാരക മയക്കുമരുന്നുകളായ ഹെറോയിന്‍, എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി ഈ വര്‍ഷം പിടികൂടിയിരുന്നു.
ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ വേശ്യാവൃത്തിക്കും ലഹരിമരുന്ന് കച്ചവടത്തിനും വ്യാപകമായി കേരളത്തില്‍ എത്തിക്കുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബവുമായി ജീവിക്കുന്നവരെന്ന ധാരണയില്‍ പോലീസ് പരിശോധന ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് വിവരം. ഇത്തരക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകല്‍ വാടകക്ക് നല്‍കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംശയം തോന്നുന്നപക്ഷം വിവരം പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിനേടനുബന്ധിച്ച് ബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.