കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാസ്‌ക് കര്‍ശനമാക്കി
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.
ആശുപത്രിയിലെത്തുന്നവര്‍നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയും വേണം.
ആശുപത്രിയിലെത്തുന്ന ആര്‍ക്കെങ്കിലും പുതിയ സാഹചര്യത്തില്‍ കോവിഡ്ബാധയുണ്ടെങ്കില്‍, ആയത് രോഗികളേയും മറ്റുള്ളവരേയും പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനും
കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റേയും ഭാഗമായാണ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാസൗജന്യം ലഭ്യമാകുന്നില്ലെന്ന പ്രചരണം അടിസ്ഥാനമുള്ളതല്ലെന്നും, ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ചികിത്സാസൗജന്യം ഇവിടേയും ലഭ്യമാണെന്നും ഡോ സുദീപ് അറിയിച്ചു.
ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വരുന്ന ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കുറഞ്ഞനിരക്ക് എല്ലായിടത്തുമെന്നതുപോലെ ഇവിടേയും ഈടാക്കുന്നുണ്ട്.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍, വാര്‍ഡുകളിലെ രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിവരുന്നത്.
വിവിധ സര്‍ക്കാര്‍ ചികിത്സാപദ്ധതികള്‍ പ്രകാരം ചികിത്സ നടത്തുന്നതിന് അതത് രോഗി/ കൂട്ടിരിപ്പുകാരാണ് അപേക്ഷിക്കേണ്ടത്.
അങ്ങനെ അപേക്ഷിക്കുന്നമുറയ്ക്ക് ആശുപത്രി ഭാഗത്തുനിന്ന് തുടര്‍നടപടി സ്വീകരിക്കുന്നുണ്ട്. ഒന്നിലേറെ അസുഖങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക്, ചികിത്സാപദ്ധതി പ്രകാരം ബ്ലോക്ക് ചെയ്ത അസുഖത്തിന് സര്‍ജറി/പ്രൊസീജര്‍ നടത്തുംമുമ്പേ, അത്തരമാള്‍ക്കുള്ള മറ്റ് അസുഖത്തിന് അടിയന്തിരസര്‍ജറി വേണ്ടിവരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.
ഇത്തരം ഘട്ടങ്ങളില്‍ ചികിത്സാ പദ്ധതിയനുസരിച്ച് ബ്ലോക്ക് ചെയ്ത സ്‌കീം മാറ്റേണ്ടി വരുന്നതിന് ചെറിയ സമയമെടുക്കുന്നത് സ്വാഭാവികമാണ്.
ആയത് ഇന്‍ഷുറന്‍സ് കമ്പനിയെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായിവരുന്ന സമയമാണെന്നത് മനസ്സിലാക്കണം.
സര്‍ക്കാര്‍ സ്ഥാപനമായതോടെ ആശുപത്രിയില്‍ നിത്യേന എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉള്ളത്.
ആശുപത്രി നവീകരണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കാനും സാധിക്കില്ല.
ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത്,
അടിയന്തിര പ്രാധാന്യം നല്‍കി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.