സീ-കവ്വായി പദ്ധതി ഉന്നതതല ഉദ്യോഗസ്ഥ സംഘം കവ്വായി സന്ദര്‍ശിച്ചു.
ധനഞ്ജയന്‍ പയ്യന്നൂര്‍
പയ്യന്നൂര്‍: സീ-കവ്വായി പദ്ധതി ഉന്നതതല ഉദ്യോഗസ്ഥ സംഘം കവ്വായി സന്ദര്‍ശിച്ചു.
കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായി.
കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു.
ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായല്‍.
37 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കവ്വായി കായലില്‍ ധാരാളം ചെറുദ്വീപുകളുമുണ്ട്.
വടക്ക് നീലേശ്വരം മുതല്‍ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
1990-ലാണ് വടക്കന്‍ കേരളത്തില്‍ ജലഗതാഗതം വ്യാപിപ്പിക്കുന്നത്.
ആ ഘട്ടത്തില്‍ തുടങ്ങിയ ഒരു ബോട്ട് സര്‍വ്വീസ് മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ 10-ലധികം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വ്യാപിച്ചുകിടക്കുന്ന കായല്‍ ടൂറിസം രംഗത്തും വന്‍ മുന്നേറ്റം
നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ സീ-കവ്വായി പാസഞ്ചര്‍ കം ടൂറിസ്റ്റ് സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ മധുസൂതനന്‍ എം.എല്‍.എ
ജലഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ ഭാഗമായിട്ടാണ് ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉന്നതതല ഉദ്യോഗസ്ഥ സംഘം കവ്വായി സന്ദര്‍ശിച്ചത്.
ടി.ഐ മധുസൂദനന്‍ എം.എല്‍.എ നേതൃത്വം നല്‍കി. ജലഗതാഗത വകുപ്പ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ അരുണ്‍, ട്രാഫിക് സൂപ്രണ്ട് എം.സുജിത്ത്, ജൂനിയര്‍ സൂപ്രണ്ട് ഹരികുമാര്‍,
സ്‌റ്റേഷന്‍ മാസ്റ്റര്‍ ഷനില്‍ ജോണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കവ്വായി പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി.