ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് –ആവിഷ്‌കാര സ്വാതന്ത്ര്യമല്ല- കെ.സി.വൈ.എം
തലശ്ശേരി: മലയാള സിനിമയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹളിക്കല്‍ തുടര്‍ക്കഥയായി മാറുന്നതില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത സെനറ്റ് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.
സാഹിത്യരംഗത്തും ദൃശ്യമാധ്യമരംഗത്തും മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ക്രൈസ്തവ വിരുദ്ധത കടന്നുവരുന്നുണ്ട്.
അടുത്തയിടെ പുറത്തിറങ്ങിയ പല സിനിമകളിലും ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതകളില്‍ പലതിനെയും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്.
വിമര്‍ശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത സഭ എക്കാലത്തും പ്രകടിപ്പിച്ചിട്ടുമുണ്ട്.
എന്നാല്‍ ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന കൂദാശകളെയും, പാരമ്പര്യങ്ങളെയും തമസ്‌കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് സെനറ്റ് യോഗം വ്യക്തമാക്കി.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
18 ഫൊറോനകളില്‍ നിന്നുമുള്ള നൂറോളം യുവജന പ്രതിനിധികള്‍ സെനറ്റില്‍ പങ്കെടുത്തു.
തലശ്ശേരി സന്ദേശ് ഭവനില്‍ വെച്ച് നടത്തിയ 31-ാമത് അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ.ജിന്‍സ് വാളിപ്ലാക്കല്‍, നിഖില്‍ സാബു, അമല്‍ ജോയി കൊന്നക്കല്‍, റിജു മാത്യു, ജോയല്‍ പുതുപ്പറമ്പില്‍, സിസ്റ്റര്‍ പ്രീതി മരിയ, ലിനെറ്റ് മരിയ, കെ.അല്‍ന ആന്റണി, സ്‌നേഹ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.