മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന തന്ത്രം വിലപോകില്ല -ജോയി കൊന്നക്കല്‍

തളിപ്പറമ്പ്: മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന കലാപം മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണെന്നും, കലാപം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നതിന് അവസരമൊരുക്കിയിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ന്യൂനപക്ഷ വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളും, സ്ഥാപനങ്ങളും ചുട്ടുകരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.
വിവിധ മതക്കാര്‍ക്കിടയില്‍ അനൈക്യവും പരസ്പര ശത്രുതയും വളര്‍ത്തി അതു വഴി ആ പ്രദേശത്തെ ബഹുജന ഐക്യം തകര്‍ത്ത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്ന ബിജെപി ശ്രമം അംഗീകരിക്കാനാവില്ല.

മണിപ്പൂരില്‍ 2017 ല്‍ അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാരിന്റെ ബഡ്ജറ്റുകള്‍ മെയ്ഥികള്‍ക്ക് അനുകൂലമായും,കുക്കികള്‍ക്ക് എതിരായ സമീപനവുമാണ് സ്വീകരിച്ചത്.2017-18 ല്‍ 5000 കോടിയുടെ ബഡ് ജറ്റില്‍ 4832 കോടിയും,2018-19 ല്‍ 4900 കോടിയുടെ ബഡ്ജറ്റില്‍ 4750 കോടിയും,2019-20 ല്‍ 7000 കോടിയില്‍ 6959 കോടിയും മെയ്ഥി വിഭാഗം താമസിക്കുന്ന മേഖലകള്‍ക്കാണ് നല്‍കിയത്.മണിപ്പൂര്‍ സര്‍ക്കാരില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുകയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ മെയ്ഥി സമൂഹത്തിന് പക്ഷംപിടിക്കാതെ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയാണ് വേണ്ടത്.മണിപ്പൂര്‍ വിഷയം ഇത്രയും ആളിക്കത്താന്‍ കാരണം പോലീസ് സേനയുടെ ആയുധങ്ങള്‍ കലാപകാരികള്‍ക്ക് കൊള്ളയടിക്കുവാന്‍ അവസരം നല്‍കിയത് മൂലമാണ്.

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പ്രതിഷേധ ജ്വാലയുടെ ജില്ലാ തല ഉദ്ഘാടനം തളിപ്പറമ്പ് നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു.
സി ജെ ജോണ്‍, എം കെ മാത്യു, തോമസ് ചൂരനോലില്‍, തോമസ് പണ്ടാരപ്പാട്ടം, ജോണ്‍ മുണ്ടുപാലം, ജോജി പുളിച്ചമാക്കല്‍, ജോസ് ചേന്നക്കാട്ട്കുന്നേല്‍, ജോമോന്‍ കട്ടക്കയം, ബേബി ഉള്ളാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.