വോട്ട്ബാങ്കിന് വേണ്ടി സംവരണം വീതംവെക്കുന്നതായി കെ.പി.എസ്. സംസ്ഥാന സെക്രട്ടറി സതീശന്‍ പുതിയേട്ടി.

തളിപ്പറമ്പ്: വോട്ട് ബാങ്കിനു വേണ്ടി രാഷ്ട്രീയക്കാര്‍ സ്വാധീനമുള്ള ജാതി, മത സംഘടനകള്‍ക്ക് സംവരണം വീതം വെച്ച് നല്‍കുകയാണ് ചെയ്യുന്നതെന്ന് കേരള പത്മശാലിയ സംഘം സംസ്ഥാന സെക്രട്ടരി സതീശന്‍ പുതിയേട്ടി.

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വീതം വെപ്പാണ് നടക്കുന്നത്. അമ്പത് ശതമാനം ജനറല്‍ സംവരണവും അമ്പത് ശതമാനം ജാതി, മത സംവരണവുമാണ്. പത്ത് ശതമാനം പട്ടികജാതി, പട്ടിക വിഭാഗങ്ങള്‍ക്കും പതിനാല് ശതമാനം ഈഴവ, തീയ്യ സമുദായങ്ങള്‍ക്കും പന്ത്രണ്ട് ശതമാനം മുസ്ലിം മത വിഭാഗങ്ങള്‍ക്കും അഞ്ച്ശതമാനം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കും, നാടാര്‍, മുക്കുവ സമുദായങ്ങള്‍ക്ക് രണ്ട് ശതമാനം വീതവും ഒരു ശതമനം കണ്‍വര്‍ട്ട് വിഭാഗത്തിനുംസംവരണം ചെയ്തിരിക്കുകയാണ്.

ഇതു കാരണം പിന്നോക്ക വിഭാഗത്തില്‍ പെട്ട എണ്‍പത്തി മൂന്ന് സമുദായങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോത്ത് കൊട്ടാരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ശാഖ പ്രസിഡന്റ് കെ. ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.

ലളിതഗാന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയ തേജസ് പ്രസീദിനെ ആദരിച്ചു.

സെക്രട്ടരി കെ.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.പി.എസ് തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍, താലൂക്ക് സെക്രട്ടറി കെ.രഞ്ജിത്ത്, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, സെക്രട്ടരി സി.നാരായണന്‍, എം.വിനിഷ്, ടി.വി.കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി കെ ലക്ഷ്മണന്‍ (പ്രസിഡന്റ്), സി നാരായണന്‍ ( വൈസ് പ്രസിഡന്റ്), കെ രമേശന്‍ (സെക്രട്ടരി), ടി വി കൃഷ്ണരാജ് (ജോ: സെക്രട്ടരി), ശ്യാമളശശിധരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.