ലാഭം 539 കോടിരൂപ-പക്ഷെ, സന്തോഷ ആനുകൂല്യം ഒരു വിഭാഗത്തിനുമാത്രം- കേരള ഗ്രാമീണ്‍ബാങ്ക് ദിനനിക്ഷേപ ഏജന്റുമാര്‍ പ്രതിഷേധത്തില്‍.

കോഴിക്കോട്: കേരള ഗ്രാമീണ ബാങ്കിന്റെ ഈ വര്‍ഷത്തെ ബിസിനസ് പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് ഒരു വിഭാഗം ജീവനക്കാര്‍ക്ക്
മാത്രമായി അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബാങ്കിലെ ദിന നിക്ഷേപ ഏജന്റുമാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ക്യാമ്പയിന്‍ ആരംഭിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ഗ്രാമീണ ബാങ്ക് 539 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയിരുന്നു.

ബിസിനസ് വളര്‍ച്ചക്ക് ആനുപാതികമായ ഇന്‍സന്റീവ് ബാങ്കിന്റെ വളര്‍ച്ചയില്‍ തുല്യ പങ്കാളിത്തം വഹിച്ച എല്ലാ ജീവനക്കാര്‍ക്കും നല്‍കുന്നതിനു പകരം ഒരു വിഭാഗത്തിന് മാത്രം അനുവദിച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം തൊഴില്‍ തര്‍ക്ക നിയമത്തില്‍ വരുന്ന 40 വര്‍ഷത്തിലേറെ സേവന ദൈര്‍ഘ്യമുള്ള ദിനനിക്ഷേപ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇന്‍സെന്റിവ് നിഷേധിച്ചത്.

ബാങ്ക് നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗ്രാമീണ ബാങ്ക് ഡെപോസിറ്റ് കളക്ടേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഏജന്റുമാര്‍ ബാങ്ക് ചെയര്‍മാന് പ്രതിഷേധ കത്തുകള്‍ അയച്ചു കൊണ്ടിരിക്കുകയാണ്.

ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഹെഡ് ഓഫീസിലും പ്രതിഷേധ പോസ്റ്റുകളും ഉയര്‍ത്തിയിട്ടുണ്ട് ബാങ്ക് നിലപാട് പുനപരിശോധിക്കണമെന്നും സന്തോഷ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും അനുവദിക്കണമെന്നും കെ.ജി.ബി.ഡി.സി.യു സംസ്ഥാന കമ്മിറ്റി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജനാര്‍ദ്ദനന്‍ വി നീലേശ്വരം അധ്യക്ഷത വഹിച്ചു.

ജന.സെക്രട്ടറി കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.ടി.വിജയകുമാര്‍, കെ.ജെ.ജോണ്‍, കൈലാസ്‌നാഥ്, പി.അലവിക്കുട്ടി, കെ.നന്ദനന്‍, പ്രഭാകരന്‍ കൊയിലി എന്നിവര്‍ പ്രസംഗിച്ചു.