കാമമോഹിതം-ആഗ്രഹിച്ച സിനിമ-ഇലവങ്കോട് ദേശം ഒട്ടും ആഗ്രഹിക്കാതെ-കെ.ജി.ജോര്‍ജിന്റെ മികച്ച 10 സിനിമകള്‍.

1976 മുതല്‍ 1998 വരെ സജീവമായി 22 വര്‍ഷം സിനിമകള്‍ ചെയ്ത കെ.ജി.ജോര്‍ജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു സിനിമപോലും ചെയ്യാതെ മൗനത്തിലായിരുന്നു.

ആദ്യ സിനിമയായ സ്വപ്‌നാടനം മുതല്‍ 98 ലെ അവസാന സിനിമയായ ഇലവങ്കോട് ദേശം വരെ 19 സിനിമകള്‍ സംവിധാനം ചെയ്ത കെ.ജി.ജോര്‍ജ് മലയാള സിനിമക്ക് നല്‍കിയത് 19 സിനിമാ പാഠപുസ്തകങ്ങളാണ്.

സി.വി.ബാലകൃഷ്ണന്റെ നോവലായ കാമമോഹിതം സിനിമയാക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് നടക്കാതെ പോയതില്‍ അതീവദു:ഖിതനായിരുന്ന ജോര്‍ജ് അദ്ദേഹത്തിന്റെ ഏറ്റവും മോശപ്പെട്ട സിനിമയെന്ന് അറിയപ്പെടുന്ന ഇലവങ്കോട്‌ദേശം ചെയ്താണ് സംവിധാന രംഗത്തുനിന്ന് വിടവാങ്ങിയത്.

ഇന്നും സിനിമയാക്കുകയാണെങ്കില്‍ മികച്ച ഒരു സിനിമ തന്നെയായിരിക്കും കാമമോഹിതം.

സ്വപ്‌നാടനത്തിന് ശേഷം 1978 ല്‍ ജോര്‍ജ് 5 സിനിമകളാണ് സംവിധാനം ചെയ്തത്.

വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ് എന്നീ സിനിമകള്‍.

വ്യാമോഹത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തിലെത്തിയത്.

പി.പത്മരാജന്റെ നോവലിനെ ആധാരമാക്കിയാണ് രാപ്പാടികളുടെ ഗാഥ, കാക്കനാടന്റെ നോവലാണ് അടൂര്‍ഭാസിയെ നായകനാക്കി അവതരിപ്പിച്ച ഓണപ്പുടവ.

ഡോ.എം.കെ.പവിത്രന്റെ തിരക്കഥയെ ആധാരമാക്കിയാണ് മണ്ണ് സംവിധാനം ചെയ്തത്.

79 ല്‍ ജോര്‍ജ് ഓണക്കൂറിന്റെ ഉള്‍ക്കടല്‍ ചലച്ചിത്രമാക്കി. 80 ല്‍ ശീധരന്‍ ചമ്പാട് കഥ, തിരക്കഥ, സംഭാഷണം രചിച്ച സര്‍ക്കസ് സിനിമ മേള 80 ല്‍ തന്നെ റിലീസ് ചെയ്തു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയാണ് മേള.

81 ല്‍ പി.ജെ.ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ അത്മാവ് എന്ന നോവലിനെ ആധാരമാക്കി കോലങ്ങള്‍(തന്റെ ഏറ്റവും നല്ല നോവലായി ജോര്‍ജ് തെരഞ്ഞെടുത്തതും ഇത് തന്നെ),

1982 ലാണ് ജോര്‍ജിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന യവനിക റിലീസ് ചെയ്തത്.

83 ല്‍ നടി ശോഭയുടെ മരണത്തെ ആസ്പദമാക്കി ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, 84 ല്‍ ആദാമിന്റെ വാരിയെല്ല്, വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ പാലം അപകടത്തില്‍ എന്ന നോവലിനെ ആധാരമാക്കി പഞ്ചവടിപ്പാലം.

85 ല്‍ കെ.ബി.ഗണേഷ്‌കുമാര്‍ ആദ്യമായി നായകവേഷം ചെയ്ത് സുകുമാരന്‍ നിര്‍മ്മിച്ച മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറര്‍ സിനിമയെന്ന് ജോര്‍ജ് വിശേഷിപ്പിച്ച ഇരകള്‍,

87 ല്‍ കഥക്ക് പിന്നില്‍, 88 ല്‍ സി.വി.ബാലകൃഷ്ണന്റെ തിരക്കഥയില്‍ മറ്റൊരാള്‍, 89 ല്‍ ദൂരദര്‍ശന് വേണ്ടി സംവിധാനം ചെയ്ത പാറപ്പുറത്തിന്റെ നോവല്‍ യാത്രയുെട അന്ത്യം,

90 ല്‍ ഈ കണ്ണികൂടി, 98 ല്‍ ഇലവങ്കോട് ദേശം, ഇതിനിടയില്‍ 1992 ല്‍ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ മഹാനഗരം എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

ജോര്‍ജിന്റെ ഏറ്റവും മികച്ച സിനിമകള്‍-

1-സ്വപ്‌നാടനം.

2-ഉള്‍ക്കടല്‍.

3-മേള.

4-യവനിക.

5-ആദാമിന്റെ വാരിയെല്ല്.

6-പഞ്ചവടിപ്പാലം.

7-ഇരകള്‍.

8-യാത്രയുടെ അന്ത്യം.

9-ഈ കണ്ണികൂടി.

10-മറ്റൊരാള്‍.

ഇതില്‍ യവനിക, ഈ കണ്ണികൂടി എന്നിവ ക്രൈംത്രില്ലറുകളാണ്.

യവനികയേക്കാള്‍ എന്തുകൊണ്ടും അല്‍പ്പംഉയര്‍ന്നു നില്‍ക്കുന്നതാണ് ഈ കണ്ണികൂടി.

പക്ഷെ, സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

3 സ്ത്രീകളുടെ കഥ പറഞ്ഞ ആദാമിന്റെ വാരിയെല്ലില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രം സിനിമ ചിത്രീകരിക്കുന്ന ജോര്‍ജിനെയും സഹപ്രവവര്‍ത്തകരെയും തള്ളിമാറ്റി ഓടിപ്പോകുന്ന രംഗം പ്രേക്ഷകരില്‍ സൃഷ്ടിച്ച ഞെട്ടല്‍ ചെറുതല്ല.

പ്രിയങ്കരനായ എഴുത്തുകാരനെ തേടിയെത്തുന്ന ആരാധകന്റെ കഥ പറഞ്ഞ യാത്രയുടെ അന്ത്യം മറ്റൊരു ലെവലിലേക്ക് പ്രേക്ഷകരെ എത്തിച്ചു.

ഈ 10 സിനിമകളും എത്രതവണ കണ്ടാലും മടുപ്പിക്കില്ല എന്നത തന്നെയാണ് ജോര്‍ജിന്റെ സിനിമകള്‍ നമ്മെ വ്യത്യസ്തമെന്ന് പറയാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.