കെ.എം മാണി കാരുണ്യത്തിന്റെ ആള്‍രൂപം റിട്ട.ആര്‍.ഡി.ഒ ഇ.പി.മേഴ്സി
പട്ടുവം: ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു കെ.എം.മാണിയെന്ന് റിട്ട. ആര്‍.ഡി.ഒ ഇ.പി.മേഴ്സി പറഞ്ഞു. കെ എം മാണിയുടെ 91-ാമത് ജന്മദിനം പാര്‍ട്ടി സംസ്ഥാനത്തൊട്ടാകെ കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം പട്ടുവം സെന്റ് തെരേസസ് അഗതിമന്ദിരത്തില്‍ വെച്ച് നടത്തി സംസാരിക്കുകയായിരുന്നു ഇ.പി.മേഴ്സി. ജാതി-മത-വര്‍ണ്ണ-വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നേതാവായിരുന്നു അദ്ദേഹം. മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയവര്‍ക്ക് കൈത്താങ്ങായി കാരുണ്യാ ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചതും, വിലയിടിവില്‍ തകര്‍ന്നു പോയ കര്‍ഷകര്‍ക്ക് ഉത്തേജനമായി വില സ്ഥിരതാ ഫണ്ടും സബ്‌സിഡിയും അനുവദിച്ചു നല്‍കിയതും എന്നും ജനമനസ്സുകളില്‍ ഓര്‍മിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടുവം സെന്റ് ലൂക്ക് അഗതിമന്ദിരത്തിലും കേരള കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യ ദിനം ആചരിച്ചു. ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു. തോമസ് ചൂരനോലി, ജോസ് ചേന്നക്കാട്ടുകുന്നേല്‍, ജോണി പേമല, ബേബി ഉള്ളാട്ടില്‍, തോമസ് പണ്ടാരപ്പാട്ട്, ജോയി കുടക്കത്താനം, സിസ്റ്റര്‍ ലിയോ, സിസ്റ്റര്‍ ബേസില്‍, ലില്ലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.