കൃഷ്ണാ ജ്വല്‍സിലെ സാമ്പത്തിക തിരിമറി രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി
തലശ്ശേരി:കണ്ണൂര്‍ കൃഷ്ണാ ജ്വല്‍സിലെ ജീവനക്കാരി സാമ്പത്തിക തിരിമറി നടത്തി എന്ന കേസില്‍ കേസന്വേഷണം നടത്തിവരുന്ന ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് കേസിലെ രണ്ടാംപ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി.
ജ്വല്ലറിയിലെ ജീവനക്കാരിയും കേസിലെ ഒന്നാം പ്രതിയുമായ കെ.സിന്ധുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ചിറക്കല്‍ കൃഷ്ണാജ്ഞലിയില്‍ എന്‍.ബാബു (47) നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയാണ് ജില്ലാ കോടതി നിരസിച്ചത്.
കേസിലെ ഒന്നാം പ്രതി സിന്ധു ഹൈക്കോടതിയില്‍ നിന്നും നേരത്തെ ജാമ്യം നേടിയിരുന്നു.
2023 ജൂലായ് മൂന്നിനാണ് കൃഷ്ണ ജ്വല്‍സിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്.
2004 മുതല്‍ ഇവിടെ ജോലി ചെയ്തു വന്നിരുന്ന സിന്ധു ഏഴര കോടിയോളം രൂപ വകമാറ്റി ബന്ധുക്കളുടെയും മറ്റു പേരില്‍ നിക്ഷേപിച്ചു എന്നാണ് കേസ്.
കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ടീമാണ് കേസന്വേഷണം നടത്തി വരുന്നത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ. കെ.അജിത്ത്കുമാര്‍ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.