കുറുമാത്തൂര്‍ മലരട്ടയില്‍ വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ചൊറുക്കള മലരട്ടയില്‍ പൊതുജന വായനശാലാ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആതിരാ രാജന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരുന്നു.

വായനശാലകള്‍ ഒരു നാടിന്റെ കെടാവിളക്കുകള്‍ ആണെന്നും അന്യം നിന്നുപോകുന്ന വായനശാലകളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് വായനശാലയുടെ ആദ്യകാല രക്ഷാധികാരികളായ എം.ദാമോദരന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരെയും മികച്ച കേരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പി.വി.രാജീവനെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് ഫാത്തിമത്തുല്‍ സഫ്‌നാസിനെയും എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

വായനശാലാ പ്രസിഡണ്ട് പി.വി.വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവന്‍, റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ എം.ദാമോദരന്‍ നമ്പ്യാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.രമ്യ, കെ.ശശിധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി.ബാലകൃഷ്ണന്‍, കെ.വി.നാരായണന്‍, കെ.സി.മധുസൂദനന്‍, കെ.പി.മുജീബ്‌റഹ്‌മാന്‍, കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.സുമിത്രന്‍, വി.പി.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനശാലാ സെക്രട്ടറി കെ.വി.ജയചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ പി.വി.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.