യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യയായ കോറോം സെന്‍ട്രലിലെ വായനശാലക്കടുത്തെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷയുടെ (26) മരണത്തില്‍ ദുരൂഹതയേറുകയാണ്.

വെള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീടിന്റെ കുളിമുറിയിലെ വെന്റിലേറ്ററില്‍ ഷാള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കഴിഞ്ഞ ദിവസം കാണപ്പെട്ടത്.

ഭര്‍തൃവീട്ടുകാരുടെ പീഢനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി സുനീഷയുടെ അമ്മാവന്‍ മാധവന്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് സിഐ മഹേഷ് നായരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.

പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റവാളികളെ ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അന്വേഷണ പോലീസ് പറഞ്ഞു.

അതിനിടെ ഭര്‍ത്താവ് വിജീഷിന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വീട്ടുകാരെല്ലാം ക്വാറന്റീനിലാണ്. സുനീഷ ജീവനൊടുക്കുന്നതിനു മുമ്പ് ഭര്‍ത്താവിന് വിഡിയോ കോള്‍ ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

കെ.വി.സുകുമാരന്‍- കെ.വനജ ദമ്പതികളുടെ മകളായ സുനിഷ ഒന്നര വര്‍ഷം മുമ്പാണ് വിജീഷുമായുള്ള പ്രണയത്തെ തുടര്‍ന്ന് വിവാഹിതയാകുന്നത്.

ഭര്‍ത്താവ് വിജീഷ് പാല്‍ സൊസൈറ്റി ജീവനക്കാരനാണ്. വിജീഷിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ സുനീഷ രണ്ടാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ദമ്പതികളെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിളിച്ചു വരുത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചിരുന്നു.

അതിനു ശേഷവും പീഢനം തുടര്‍ന്നുവെന്നും അതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും സുനീഷയുടെ അമ്മാവന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം ആത്മഹത്യ ചെയ്ത സുനീഷ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വല്യമ്മ ദേവകി പറയുന്നു സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നതായും ദേവകി പറഞ്ഞു.

ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ലത്രെ. ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്.

വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുടച്ചതായും ദേവകി പറഞ്ഞു.