തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ബഹു.തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തളിപ്പറമ്പിലെ പട്ടയ ഭൂ പ്രശ്‌നം സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തളിപ്പറമ്പ താലൂക്കിലെ പ്രധാന പട്ടയഭൂപ്രശ്‌നങ്ങളായ മോറാഴ വില്ലേജിലെ ധര്‍മ്മശാല, കുറുമാത്തൂര്‍ വില്ലേജ്, പരിയാരം വില്ലേജ്,പന്നിയൂര്‍ വില്ലേജ്,പട്ടുവം വില്ലേജ്, മലപ്പട്ടം തുടങ്ങിയ സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധിക്കുകയും , പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നും തളിപ്പറമ്പ താലൂക്കില്‍ ഇല്ല. ഇതിനാവശ്യമായ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പട്ടയ ഭൂ പ്രശ്‌നം പരിഹരിക്കുന്നതിന് ആര്‍.ഡി.ഒ കണ്‍വീനറായി നാലംഗ കര്‍മ്മ സമിതിക്ക് യോഗം രൂപം നല്‍കി.

ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍, തഹസില്‍ദാര്‍ എല്‍.ആര്‍, തളിപ്പറമ്പ തഹസില്‍ദാര്‍ എന്നിവരടങ്ങുന്നതാണ് കര്‍മ്മ സമിതി.

സമിതി രണ്ടാഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രശ്‌ന പരിഹാരം സംബന്ധിച്ച് വിലയിരുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. താലൂക്ക് സര്‍വ്വേയര്‍ മുമ്പാകെ കെട്ടികിടക്കുന്ന അപേക്ഷകള്‍ മാര്‍ച്ച് 31 ന് മുമ്പായി തീര്‍പ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖരന്‍ ഐ എ എസ്, എ.ഡി.എം കെ കെ ദിവാകരന്‍, ആര്‍ ഡി ഒ ഇ.പി. മേഴ്‌സി, ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ കെ.വി.ശ്രുതി , തളിപ്പറമ്പ് തഹസില്‍ദാര്‍ പി.കെ ഭാസ്‌കരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.