തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ട് ടൗണ്‍ മണ്ഡലം കമ്മറ്റിയില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

കെ.പി.സി.സി-ഡി.സി.സി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് നടത്താതെ നോക്കുകുത്തിയായി മാറിയ ഈസ്റ്റ് മണ്ഡലം ഇത്തരത്തില്‍ തുടരുന്നതിനെതിരെ വിമര്‍ശനം ശക്തമായി.
അശാസ്ത്രീയ മണ്ഡലം വിഭജനം തളിപ്പറമ്പിലെ പാര്‍ട്ടി പ്രവര്‍ത്തനത്തനം സുഗമമായി നടത്തുവാന്‍ വിഘാതമായിത്തീര്‍ന്നിരിക്കുകയാണെന്ന് ഒരു വിഭാഗം സീനിയര്‍ നേതാക്കള്‍ പറയുന്നു.
ഈസ്റ്റ് മണ്ഡലം കമ്മിറ്റി നിലവില്‍ വന്ന ശേഷം പ്രസിഡന്റ് സക്കരിയ്യ കായക്കൂലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഡി.സി.സി നിര്‍ദ്ദേശിച്ച പല ഫണ്ടുകളും കൃത്യമായി നല്‍കിയിട്ടില്ല.
137 ചാലഞ്ച് പരിപാടിയും പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. സി.യു.സി രൂപീകരണം തീരെ നടന്നിട്ടില്ല. ഏറ്റവുമൊടുവില്‍ നിര്‍ദ്ദേശിച്ച പോസ്‌റ്റോഫീസ് ധര്‍ണ നടത്താതെ മാറി നിന്നു.
ഈസ്റ്റ് മണ്ഡലം ഭാരവാഹികള്‍ ടൗണ്‍ മണ്ഡലം നടത്തിയ ധര്‍ണയിലാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റിയില്‍ ഡി.സി.സി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഡി.സി.സിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കാനുള്ള നീക്കം ഭാരവാഹികളായ നൗഷാദ് ബ്ലാത്തൂര്‍,
രജനി രമാനന്ദ്, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍, ടി.വി.അശോകന്‍, മണ്ഡലം സെക്രട്ടെറി കെ.വി.ടി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ എതിര്‍ത്തതോടെ വിഫലമാവുകയായിരുന്നു.
എത്രയും പെട്ടെന്ന് കമ്മിറ്റി പിരിച്ചു വിട്ട് തളിപ്പറമ്പ് ടൗണ്‍ കമ്മിറ്റിയില്‍ ലയിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
