ഭയപ്പാടിന്റെ 45 വര്‍ഷങ്ങള്‍ പിന്നിട്ട്-ലിസ.
ഭാര്‍ഗവീനിലയം മുതല്‍ നിരവധി ഭീകര സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമ എന്ന വിശേഷണം ലിസക്ക് മാത്രമുള്ളതാണ്. 1978 ഡിസംബര്‍ 8 ന് ഇതേ ദിവസമാണ് 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ റിലീസ് ചെയ്തത്. ലിസയെ കവച്ചുവെക്കുന്ന ഒരു ഹൊറര്‍ മൂവി മലയാളത്തില്‍ ഉണ്ടായിട്ടില്ല. വെള്ള സാരിയുടുത്ത് രാത്രിയില്‍ പാട്ടുപാടി ഒഴുകിനടക്കുന്ന, വായില്‍ രക്തമൊഴുകുന്ന കോമ്പല്ലുകളുള്ള രക്തരക്ഷസല്ല, ചതിയിലകപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ ദുരന്തവും പ്രതികാരവും എന്ന നിലയിലാണ് ലിസ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായത്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ട് എന്ന പ്രേക്ഷകരുടെ വിശ്വാസമാണ് സിനിമയുടെ വലിയ വിജയത്തിന് കാരണം. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളോ മറ്റ് ആധുനിക സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന 45 വര്‍ഷം മുമ്പ് ഇത്തരമൊരു സിനിമ ഒരുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ ഇതിലെ പല സീനുകളും സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അല്‍ഭുതം തന്നെയാണ്. ലക്ഷ്മി എന്ന നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയില്‍ ലിസ എന്ന പെണ്‍കുട്ടിയുടെ ആത്മാവ് കയറിക്കൂടിയതുമായി ബന്ധപ്പെട്ട് വികസിക്കുന്ന കഥ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിക്കുന്നു.
ധന്യ പ്രൊഡക്ഷന്‍സിന് വേണ്ടി മുരളികുമാര്‍, രഘുകുമാര്‍, ഷംസുദ്ദീന്‍, വാപ്പൂട്ടി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. പ്രേംനസീര്‍, ജയന്‍, ഭവാനി, വിധുബാല, രവികുമാര്‍, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, സീമ, പ്രേംജി, കനകദുര്‍ഗ, നെല്ലിക്കോട് ഭാസ്‌ക്കരന്‍, പ്രതാപചന്ദ്രന്‍, വഞ്ചിയൂര്‍രാധ, ഫിലോമിന, ഉണ്ണികൃഷ്ണന്‍ വള്ളത്തോള്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. അതിഥി താരങ്ങളായി ജയഭാരതിയും എം.ജി.സോമനും അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ബോബിയുടേത് തന്നെയാണ് കഥ. കെ.വിജയനാണ് തിരക്കതയും സംഭാഷണവും ഗാനങ്ങളും രചിച്ചത്. സംഗീതവും പശ്ചാത്തലസംഗീതവും കെ.ജെ.ജോയ്. പി.എസ്.നിവാസ് ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിംഗും നിര്‍വ്വഹിച്ചു. കലാസംവിധാനവും പരസ്യവും രാധാകൃഷ്ണന്‍(ആര്‍.കെ.). എവര്‍ഷൈന്‍ റിലീസാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.
ലിസ-കഥാസംഗ്രഹം.
നഗരത്തിലെ കോളേജില്‍ പഠിക്കാനെത്തുന്ന ലക്ഷ്മി(ഭവാനി) ഹോസ്റ്റലില്‍ താമസിക്കുന്നു. അവിടെ അവള്‍ക്ക് ഒരു കൂട്ടുകാരിയെ കിട്ടി കല(വിധുബാല). കണ്ടതിനെക്കുറിച്ചെല്ലാം വാചാലമായി സംസാരിക്കുന്ന ഒരു തെറിച്ച പെണ്ണ്. ലക്ഷ്മിയുടെ നാടന്‍ ചലനങ്ങളെയും ഗ്രാമീണ സങ്കല്പങ്ങളെയും കല തരം കിട്ടുമ്പോഴെല്ലാം കളിയാക്കും.
ഹോസ്റ്റലിലെ വാച്ച്മാനാണു ഗോപാലന്‍(കുതിരവട്ടം പപ്പു). മരണാനന്തര ജീവിതത്തെക്കുറിച്ച് എപ്പോഴും വാ തോരാതെ സംസാരിക്കുന്ന മദ്ധ്യവയസ്‌കന്‍. ഗോപാലന്‍ ഒരു ദിവസം അസാധാരണമായ ഒരു രൂപത്തെ കണ്ട് പേടിക്കുന്നു. അവന്‍ അതിനെക്കുറിച്ച് കണ്ടവരോടെല്ലാം ഇക്കാര്യം പറഞ്ഞുവെങ്കിലും കേട്ടവരെല്ലാം അവനെ കളിയാക്കി.
പക്ഷേ ആ ഹോസ്റ്റലില്‍ അസാധാരണമായ ചിലത് സംഭവിക്കുന്നുണ്ടായിരുന്നു. ഗ്രാമീണയായ ലക്ഷ്മി , ഒരു ദിവസം പൊടുന്നനെ നാഗരിക യുവതിയായി മാറി. ചലനങ്ങളില്‍, അണിഞ്ഞൊരുങ്ങലില്‍ എല്ലാം. ഹോസ്റ്റലില്‍ ഇതൊരു സംഭാഷണമായി മാറി. കല കാര്യമെന്തെന്നറിയാതെ കുഴങ്ങി.
ലക്ഷ്മിയുടെ ചലനങ്ങള്‍ കലയില്‍ മറ്റൊരാളുടെ ശക്തമായ ഓര്‍മ്മകളുണര്‍ത്തി. മരിച്ചു പോയ ലിസയുടെ – പക്ഷേ അവളുടെ മനസ്സ് വിശ്വാസാവിശ്വാസങ്ങളുടെ നേര്‍ത്ത നൂലില്‍ക്കിടന്ന് ഊഞ്ഞാലാടുകയായിരുന്നു. ഇതിനിടയില്‍ നഗരത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടു കൊലപാതകങ്ങള്‍ നടക്കുന്നു. കലയുടെ കാമുകനായ പോലീസുദ്യോഗസ്ഥന്‍ സുരേഷ് (ജയന്‍) ലക്ഷ്മിയില്‍ കൊലപാതകക്കുറ്റം കണ്ടെത്തുന്നു. ലക്ഷ്മിയുടെ മുറച്ചെറുക്കന്‍ മുരളിയും (പ്രേംനസീര്‍) വിവരമറിഞ്ഞ് ഹോസ്റ്റലിലെത്തുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുടെ അവസാനം ലിസ(സീമ) എന്ന അനാഥയായ പെണ്‍കുട്ടിയെ ജോസഫ്ചാക്കോ(ജോസ് പ്രകാശ്) ചതിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതും ലിസ ഹോട്ടല്‍മുറിയില്‍ നിന്ന് താഴെക്ക് ചാടി ആത്മഹത്യ ചെയ്തതുമായ കഥകള്‍ പുറത്തുവരുന്നു. മന്ത്രവാദി(പ്രേംജി) പ്രേതത്തെ ഒഴിപ്പിക്കുകയും തന്നെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്ത ലിസ കാമുകനായ ജോണിയെ(രവികുമാര്‍)കൂടി തന്റെ പ്രേതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതോടെ സിനിമ അവസാനിക്കുന്നു.
ഗാനങ്ങള്‍-
1-ഇണക്കമോ പിണക്കമോ-യേശുദാസ്.
2-നീള്‍മിഴിത്തുമ്പില്‍-ജയചന്ദ്രന്‍
3-പാടും രാഗത്തിന്‍ ഭാവലയം-ജയചന്ദ്രന്‍.
4-പ്രഭാതമോ-യേശുദാസ്.
5-രാധാ ഗീതഗോവിന്ദ രാധ-പി.സുശീല.