തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്.

പഴയങ്ങാടി: മന:പൂര്‍വ്വം തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വോട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാട്ടൂല്‍ സെന്‍ട്രലിലെ ഷൗക്കത്തലിക്കെതിരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ കേസെടുത്തത്.

ഇന്ന് രാവിലെ 7 നും 9.30 നുംഇടയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് പോളിംഗ് നടന്നുകൊണ്ടിരിക്കെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 145-ാം നമ്പര്‍ ബൂത്തില്‍ താന്‍ ചെയ്ത വോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ പതിഞ്ഞു എന്നാരോപിച്ചാണ് വോട്ടുചെയ്ത ഷൗക്കത്തലി ബഹളംവെച്ചത്.

തുടര്‍ന്ന് ഇതേ മെഷീനില്‍ ഷൗക്കത്തലിയെക്കൊണ്ട് ടെസ്റ്റ് വോട്ട് ചെയ്യിച്ചപ്പോള്‍ ചെയ്ത ചിഹ്നത്തില്‍ തന്നെ പതിയുകയും ചെയ്തു.

തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറായ കെ.പി.ഫാത്തിബ് മന: പൂര്‍വ്വം തെറ്റായ പരാതി ഉന്നയിച്ചതായി കാണിച്ച് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.