കണ്ടലിനെ അറിയാന്‍; തീരവന യാത്രയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
പിലാത്തറ: കണ്ടലിനെ അറിയാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീരവന തോണി യാത്ര നടത്തി.
എടനാട് ഈസ്റ്റ് എല്‍പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എടാട്ട് തുരുത്തിയിലെ കണ്ടല്‍ക്കാടുകളിലേക്ക് പഠനയാത്ര നടത്തിയത്.
കണ്ണൂര്‍ കണ്ടല്‍ പ്രോജക്ടുമായി സഹകരിച്ചുള്ള യാത്രയില്‍ കണ്ടല്‍ പ്രോജക്ടിലെ കെ.വി.നവീന്‍കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.പി.രാജന്‍ എടാട് എന്നിവര്‍ കണ്ടലുകളുടെ പാരിസ്ഥിതിക പ്രാധാന്യം വിശദീകരിച്ചു.
പരിസ്ഥിതി സംഘടനകള്‍ ചേര്‍ന്ന് സംരക്ഷിക്കുന്ന ഏക്കറുകളോളം പരന്നുകിടക്കുന്ന കണ്ടല്‍ വനങ്ങളിലൂടെയായിരുന്നു യാത്ര.
കണ്ടലുകളെ കണ്ടും പരിചയപ്പെട്ടും അതിന്റെ സൂക്ഷ്മമായ ആവാസ വ്യവസ്ഥ മനസ്സിലാക്കിയും കണ്ടലിന്റെ വനസൗന്ദര്യം ആവോളം ആസ്വദിച്ചുമുള്ള തോണിയാത്ര വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
പലരുടേയും കന്നി തോണിയാത്ര കൂടിയായിരുന്നു ഇത്.
പ്രഥമാധ്യാപിക പി.എസ്.മായ, എസ്.ജെ.ഷീല, എ.പ്രസീത, പി.കെ.സിതാര, മദര്‍ പി.ടി.എ.പ്രസിഡന്റ് കെ.ശരണ്യ എന്നിവര്‍ പങ്കെടുത്തു.