മറിയക്കുട്ടിക്ക് ശ്രേഷ്ഠകര്‍മ്മ പുരസ്‌ക്കാരം.

അടിമാലി: അനീതിക്കെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പോരാടുന്ന അടിമാലിയിലെ സീനിയര്‍ സിറ്റിസണ്‍ മന്നാംകണ്ടം പൊന്നെടുത്തുപാറ മറിയക്കുട്ടി ചാക്കോയ്ക്കു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ്മ പുരസ്‌ക്കാരം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സമ്മാനിച്ചു.

മാതൃകാപരമായ സമരമാര്‍ഗ്ഗത്തിലൂടെ തന്നോട് കാണിച്ച അനീതി അധികാരികള്‍ക്കു മുന്നിലെത്തിക്കാന്‍ മറിയക്കുട്ടി ചാക്കോയ്ക്കു സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

അക്രമ സമരങ്ങളുടെ കാലഘട്ടത്തില്‍ ഗാന്ധിയന്‍ സമരപാതയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന മാതൃകാപരമായ പോരാട്ടമാണ് നയിക്കുന്നതെന്നും എബി.ജെ ജോസ് ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ബിന്ദു എല്‍സ തോമസ്, ബിനു പെരുമന, അനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

ശില്‍പ്പവും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകര്‍മ്മ അവാര്‍ഡ്. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അന്നമ്മ ഔസേപ്പിനുള്ള പുരസ്‌കാരം മറിയക്കുട്ടി ചാക്കോ ഏറ്റുവാങ്ങി.