മത്തച്ചന്‍ തുളുവനാനിക്കലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും, സംസ്‌ക്കാരം നാളെ.

തളിപ്പറമ്പ്: കിണറില്‍ വീണ് മരിച്ച പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കലിന്റെ (69) മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചിറവക്ക് സി.എം.ആര്‍ വില്ലയിലെ വീട്ടിലെത്തിക്കും.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ പൂര്‍ത്തിയായി.

വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാളെ ശനിയാഴ്ച്ച വൈകുനേരം 4 ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

ഇന്നലെ ഉച്ചക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം.

ഇവിടെ മത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു.

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ രാവിലെ പരേതന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു.

ഭാര്യ:എമിലി മത്തച്ചന്‍ ആലിലക്കുഴിയില്‍ (തൊടുപുഴ). മക്കള്‍: ഡോ ഷെറിന്‍ മത്തച്ചന്‍, ഷെര്‍വിന്‍ മത്തച്ചന്‍(ന്യൂസിലാന്‍ഡ്). മരുമക്കള്‍: ഡോ.റോബിന്‍ കല്ലോലിക്കല്‍ (പടന്നക്കാട്), സെറിന്‍ വാടാപറമ്പില്‍( നിലമ്പൂര്‍).

സഹോദരങ്ങള്‍: മൈക്കിള്‍, ചാക്കോ(റിട്ട എസ് ഐ ), തോമസ്, റോജര്‍ (ഗോവ), ജോഷി ( പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ), വത്സമ്മ (ഏറ്റുമാനൂര്‍ ), പരേതരായ ചാണ്ടി, സെബി.