പ്രകൃതിക്കിണങ്ങിയ രീതിയില്‍ ക്ഷേത്രത്തിലെ പത്ത് തൂണുകളിലായി പഴത്തടക്കയും പച്ചടക്കയും കോര്‍ത്ത് നിര്‍മ്മിക്കുന്ന അടക്കാത്തൂണുകളാണ് മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തെ വേറിട്ടുനിര്‍ത്തുന്നത്.
20,000 അടക്കകളാണ് നൂലുകളില്‍ കോര്‍ത്ത് തൂണുകളെ അലങ്കരിക്കുന്നത്. കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന ഈ അനുഷ്ഠാനം വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം മുതല്‍ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് കോര്‍ത്തെടുത്ത അടക്കകള്‍ രാത്രിയോടെ പുരുഷന്‍മാര്‍ തൂണുകളില്‍ കെട്ടി അലങ്കരിച്ചു.
ആയിരക്കണക്കിനാളുകളാണ് വിവിധ ദേശങ്ങളില്‍ നിന്നായി പഴുത്തടക്കയുടെയും പച്ചടക്കയുടെയും തൂണുകളില്‍ തുളുമ്പിനില്‍ക്കുന്ന സൗന്ദര്യം കാണാന്‍ ഇവിടെ എത്തിച്ചേരുന്നത്.
നാളെ പുലര്‍ച്ചെ നാലിനാണ് തീച്ചാമുണ്ടിയുടെ അഗ്നിപ്രവേശം നടക്കുക. ഉച്ചക്ക് 12 ന് നീലിയാര്‍ ഭഗവതിയുടെ തിരുമുടിനിവരും.