കച്ചവടവഴികളില്‍ യാത്ര അസഹ്യം-ലഹരിവസ്തുക്കളും മദ്യവും സുലഭം.

പരിയാരം: അനധികൃത കയ്യേറ്റംകാരണം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരപ്രദേശത്തുകൂടി കാല്‍നടയാത്രപോലും അസഹ്യമായി.

സ്വകാര്യബസുകളില്‍ വന്നിറങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും കാല്‍നടയായി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി മുഴുവനായി അനധികൃത കച്ചവടക്കാര്‍ കയ്യേറിയിരിക്കയാണ്.

ദേശീയപാത വികസനം നടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് ദേശീയപാതയുടെ ഭാഗമായുള്ള സ്ഥലം പകുതികണ്ട് കുറഞ്ഞിരിക്കയാണ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ പെട്ടിക്കടകള്‍ ഇടുങ്ങിയ വഴിയില്‍ ഇരുഭാഗത്തുമായി സ്ഥാപിച്ചതോടെയാണ് കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടായത്.

മഴക്കാലം തുടങ്ങിയതോടെ കച്ചവടക്കാര്‍ ഇവിടെ തൂണുകള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയതോടെ ദുരിതം വര്‍ദ്ധിച്ചിരിക്കയാണ്.

അനധികൃത കച്ചവട സ്റ്റാളുകളില്‍ മദ്യവും മയക്കുമരുന്നും കഞ്ചാവും ഉള്‍പ്പെടെ സുലഭമാണെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ട് മാസം മുമ്പ് മദ്യകച്ചവടത്തിന്റെ പേരില്‍ ഒരു കട തീവെക്കുകയും കച്ചവടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തിരുന്നു.

അനധികൃത കച്ചവടം പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് പരിസരത്ത് യഥേഷ്ടം മദ്യം ലഭിക്കുന്നത് ഈ അനധികൃത കടകള്‍ കേന്ദ്രീകരിച്ചാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഉപോഗശൂന്യമായ മഴവെള്ളസംഭരണിയിലെ കുറ്റിക്കാടുകളിലാണ് മദ്യവും മറ്റ് ലഹരിവസ്തുക്കളും ഒളിച്ച് സൂക്ഷിക്കുന്നതെന്നും സൂചനകളുണ്ട്.