ഒരു മിനി എം.സി.എഫ് എടുക്കട്ടെ ? കമ്മീഷന്‍ എത്രതരും? കാടുകയറിയ മിനി എം.സി.എഫുകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ മറ്റൊന്നും ഇല്ലെങ്കിലും മിനി എം.സി.എഫുകള്‍ക്ക് യാതൊരു കുറവുമില്ല.

ഇഷ്ടംപോലെ സാധനം റെഡിയാണ്.

ആയിരക്കണക്കിന് രൂപ ചെലവിട്ട് ഇത്തരത്തില്‍ ചെറിയ കൂടുകള്‍ പല വാര്‍ഡുകളിലും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇത് സ്ഥാപിച്ചതിന് ശേഷം ഇതേവരെ അത് ഒരുവിധത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല.

ഹരിതകര്‍മ്മസേന വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ താല്‍ക്കാലികമായി സംഭരിച്ചുവെക്കാനാണ് മിനി എം.സി.എഫുകള്‍ ഉപയോഗിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ റോഡരികിലാണ് ചാക്കുകെട്ടുകള്‍ സൂക്ഷിക്കുന്നത്.

നഗരസഭാ അധികൃതര്‍ യാതൊരുവിധ കണക്കെടുപ്പും നടത്താതെ തോന്നുന്നപോലെ ഇത്തരം ഇരുമ്പ് കൂടുകള്‍ നിര്‍മ്മിക്കുകയാണ്. കാടുകയറിക്കിടക്കുന്ന എം.സി.എഫുകള്‍ കമ്മീഷന്‍ പരിപാടിയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ശാസ്ത്രീയമായി കാടുവളര്‍ത്താന്‍ തളിപ്പറമ്പ് നഗരസഭ മിനി എം.സി.എഫുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയവും ഇല്ലാതില്ല.

ജനകീയാസൂത്രണ കാലത്ത് ഓരോ വാര്‍ഡുകളിലും പടുകൂറ്റന്‍ നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ പണം കമ്മീഷനടിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഈ മിനി എം.സി.എഫുകളെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.