നാട് വര്‍ഗീയ സംഘര്‍ഷത്തില്‍ കത്തിയെരിയാതിരിക്കാന്‍ മുയ്യം രാഘവന്‍ ബലിനല്‍കിയത് സ്വന്തം കണ്ണ്.
ഇന്ന് പോലീസ് സ്മൃതിദിനം
തളിപ്പറമ്പ്: വര്‍ഗീയ സംഘര്‍ഷത്തില്‍ നാട് കത്തിയെരിയാതിരിക്കാന്‍ മുയ്യം രാഘവന്‍ ബലികൊടുത്തത് തന്റെ ജീവിതത്തിലെ വര്‍ണാഭമായ പകുതി കാഴ്ച്ചകള്‍.
2004 ജനുവരി 22 ന് കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിനിടയില്‍ സോഡ കുപ്പി എറുകൊണ്ട് എസ്.ഐയായിരുന്ന രാഘവന്‍ പരിക്കേറ്റു വീണതോടെയാണ് അക്രമികള്‍ ഓടിരക്ഷപ്പെട്ടത്.
എരിയാല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രക്കിടെയാണ് പെട്ടെന്ന് സംഘര്‍ഷമുണ്ടായത്.
ഇരുവിഭാഗവും പരസ്പരം കല്ലേറ് തുടങ്ങിയതോടെ ഘോഷയാത്രക്ക് മുന്നിലേക്ക് ഓടിയെത്തിയ അന്നത്തെ കാസര്‍ഗോഡ് എസ്.ഐ മുയ്യം രാഘവന്‍ സംഘര്‍ഷം തടയാന്‍ ശ്രമിക്കവെയാണ് സോഡകുപ്പികൊണ്ടുള്ള ഏറുകൊണ്ട് നിലംപതിച്ചത്.
ഇതോടെ പരിഭ്രാന്തരായ ആക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
മംഗളൂരു കെ.എം.സിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും റെറ്റിന തകര്‍ന്നതിനാല്‍ കണ്ണിന് കാഴ്ച്ച പോയതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.
ഇന്നത്തെ എം.പി എം.കെ.രാഘവനാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്ററണിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ ചികില്‍സക്കായി ചെന്നൈയിലെ ശങ്കര നേത്രാലയയത്തിലേക്ക് കൊണ്ടുപോയത്.
പക്ഷെ, കാഴ്ച്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി അവരും വിധിയെഴുതി.
മാനസികമായി തളര്‍ന്നുപോകുമായിരുന്ന ഈ ഘട്ടത്തില്‍ അന്നത്തെ കണ്ണൂര്‍ എസ്.പിയും ഇന്നത്തെ എ.ഡി.ജിപിയുമായ മനോജ് ഏബ്രഹാമാണ് സഹായത്തിനെത്തിയതെന്ന് രാഘവന്‍ പറയുന്നു.
മൂന്നു മാസത്തോളം പരിപൂര്‍ണ്ണ വിശ്രമത്തിലായ ഇദ്ദേഹത്തിന് കണ്ണൂര്‍ സ്പെഷ്യല്‍ബ്രാഞ്ചില്‍ നിയമനം നല്‍കി.
2008 ല്‍ ക്രൈംബ്രാഞ്ചില്‍ സി.ഐ ആയിട്ടാണ് വിരമിച്ചത്. ഇപ്പോള്‍ കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫേര്‍ അസോസിയഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന രാഘവന്‍ വിരമിച്ചതിന് ശേഷം നല്‍കിയ കേസില്‍ നഷ്ടപരിഹാരമായി 4 ലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
റിപ്പര്‍ ചന്ദ്രനെ പിടികൂടിയ സംഘത്തില്‍ ഉള്‍പ്പെടെ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്ന രാഘവന് 80 ലേറെ തവണ റിവാര്‍ഡുകളും 1991 മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ 70 വയസുകാരനായ ഇദ്ദേഹം കാര്‍ഷികമേഖലയില്‍ സജീവമാണ്.
കെ.പാര്‍വതിയാണ് ഭാര്യ. രഞ്ജിത്ത്, ലിജിത്ത്, രാഖി എന്നിവരാണ് മക്കള്‍.