നവകേരളത്തിന് ഒരു ലക്ഷം വേണം-പ്രതിപക്ഷം. തരില്ലെന്ന് ഭരണപക്ഷം, ഇറങ്ങിപ്പോയി പ്രതിപക്ഷം.

തളിപ്പറമ്പ്: നവകേരള സദസിന്റെ നടത്തിപ്പിന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ നിരാകരിച്ചതിന്റെ പേരില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും ഇറങ്ങിപ്പോക്കും.


ഇന്ന്‌ നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഈ പ്രശ്നത്തിന്റെ പേരില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊമ്പുകോര്‍ത്തത്.

അഞ്ചാംനമ്പര്‍ സപ്ലിമെന്ററി അജണ്ടയായാണ് ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തത്.

ചട്ടപ്രകാരം ഒരാള്‍ എതിര്‍ത്താല്‍ തന്നെ സപ്ലിമെന്ററി അജണ്ട പാസാക്കാന്‍ പാടില്ലെന്നിരിക്കെ ഭരണപക്ഷവും ബി.ജെ.പിയും തുക അനുദിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്.

അജണ്ട അംഗീകരിക്കാതെ തള്ളിയതായി അധ്യക്ഷത വഹിച്ച  ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അറിയിച്ചതോടെ സി.പി.എം കക്ഷിനേതാവ് ഒ.സുഭാര്യം, സി.വി.ഗിരീശന്‍ എന്നിവര്‍ ഇതിനെതിരെ ബഹളം വെച്ചു.

നവകേരള സദസുമായി സഹകരിച്ചില്ലെങ്കില്‍ എം.എല്‍.എ നഗരസഭയുമായി സഹകരിക്കുന്ന കാര്യത്തിലും പ്രശ്നങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷത്തുനിന്ന്‌
പറഞ്ഞത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു.

നഗരസഭാ ഫണ്ട് ജനങ്ങളുടേതാണെന്നും അത് തോന്നുംപോലെ ചെലവാക്കാനുള്ളതല്ലെന്നും ഭരണപക്ഷവും പറഞ്ഞു. ഇത് ഏറ്റുപിടിച്ച് ഇരുവിഭാഗവും പരസ്പരം ബഹളംവെച്ചു.

വാക്കേറ്റം രൂക്ഷമായതോടെ 12 സി.പി.എം അംഗങ്ങളും ചെയര്‍പേഴ്സന്റെ അധ്യക്ഷവേദിക്ക് മുന്നിലെത്തി ബഹളംവെച്ചു.

ഭരണപക്ഷവും ഇതിനെതിരെ തിരിഞ്ഞതോടെ കടുത്ത വാക്കേറ്റവും ബഹളവും നടന്നു.

പിന്നീട് ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങള്‍ നഗരസഭാ ഓഫീസിന് പുറത്തുവെച്ചും ഭരണകക്ഷി അംഗങ്ങളുമായി വാഗ്വാദത്തിലേര്‍പ്പെട്ടു.

പ്രതിപക്ഷാംഗങ്ങളായ വി.വിജയന്‍, കെ.എം.ലത്തീഫ്, പി.ഗോപിനാഥ്, ഇ.കുഞ്ഞിരാമന്‍, ഡി.വനജ

ഭരണകക്ഷി അംഗങ്ങളായ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, കെ.അബ്ദുള്‍സലീം, പി.പി.മുഹമ്മദ്നിസാര്‍, പി.സി.നസീര്‍, സി.മുഹമ്മദ്സിറാജ്, സി.പി.മനോജ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.