നാല് പതിറ്റാണ്ടിന് ശേഷം കെ.സി.വേണുഗോപാല്‍ മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രത്തിലെത്തി.
പരിയാരം: ചെമ്മണ്‍കുന്നും വണ്ണാത്തിപ്പുഴയും അതിരിടുന്ന മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രത്തില്‍ നാലു പതിറ്റാണ്ടിന് ശേഷം മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.വേണുഗോപാല്‍ എം.പി ദര്‍ശനത്തിനെത്തി.
വിളിച്ചാല്‍ വിളിപ്പുറത്തുള്ള ദേവിയുടെ നടയില്‍ അദ്ദേഹം കൈക്കൂപ്പി പ്രാര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് നീലിയാര്‍കോട്ടത്ത് തെയ്യം കാണാനെത്തിയ പഴയ ഓര്‍മ്മകള്‍ അയവിറക്കിയാണ് ഇന്നലെ രാവിലെ അദ്ദേഹം വീണ്ടും നിലിയാര്കോട്ടത്ത് എത്തിയത്.
കഴിഞ്ഞദിവസം ജന്മനാടായ കടന്നപ്പള്ളിയിലെത്തിയപ്പോഴാണ് നീലിയാര്‍ ഭഗവതിക്ഷേത്രത്തില്‍ നവീകരണകലശവും കളിയാട്ടവും നടക്കുന്ന വിവരമറിഞ്ഞ് വേണുഗോപാല്‍ ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രഭാരവാഹികള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മാതമംഗലം ഹൈസ്ക്കൂളിലെയും പയ്യന്നൂര്‍ കോളേജിലെയും പഠനകാലത്ത് കളിയാട്ടദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തിയ ഓര്‍മ്മകള്‍ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു.
കെ.വി.പവിത്രന് വേണുഗോപാലിനെ ഷാളണിയിച്ചു.
എം.രാധാകൃഷ്ണന്, എം.മോഹനന്, പി.ശ്രീധരന്, കെ.പി.കൃഷ്ണന്, കെ.വി.നാരായണന്, ജയരാജ് മാതമംഗലം എന്നിവര്‍ ചേര്‍ന്നാണ് വേണുഗോപാലിനെ സ്വീകരിച്ചത്.
ജനുവരി 29 ന് ആരംഭിച്ച നവീകരണ കലശവും കളിയാട്ടവും ഫിബ്രവരി 8 ന് തീച്ചാമുണ്ടിയുടെ അഗ്നിപ്രവേശം കഴിഞ്ഞ് നീലിയാര്‍ഭഗവതിയുടെ തിരുമുടി ഉയരുന്നതോടെയാണ് സമാപിക്കുക.