വസന്തയുടെ ജീവിതത്തില്‍ വസന്തമെത്തിച്ച റവന്യൂ വകുപ്പിന് ബിഗ് സല്യൂട്ട്-

പെരിങ്ങോം: വസന്ത ഇനി സ്വന്തം ഭൂമിയുടെ ഉടമ.

റവന്യൂ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലാണ് പെരിങ്ങോം വില്ലേജിലെ മടക്കാംപൊയിലില്‍ താമസിക്കുന്ന അണമുഖം വസന്ത(60)ക്ക് പട്ടയം ലഭിക്കാന്‍ ഇടയാക്കിയത്.

വസന്തയുടെ കൈവശമുണ്ടായിരുന്ന ഭൂമിക്ക് അനുവദിച്ച പട്ടയവും നികുതി അടച്ച രേഖയും ഫെബ്രുവരി 1 ന് ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ വസന്തയുടെ വീട്ടിലെത്തി കൈമാറി.

കൈവശഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചിട്ടും പട്ടയമുള്‍പ്പെടെ റവന്യൂ രേഖകളില്ലാത്തതിനാല്‍ ഭൂമിയുടെ മേല്‍ ഉടമസ്ഥാവകാശമില്ലാതിരുന്ന വസന്തക്ക് താമസയോഗ്യമായ വീടും ഉണ്ടായിരുന്നില്ല.

പെരിങ്ങോം വയക്കര പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിനാല്‍ ലൈഫ്മിഷന്‍ പോലുള്ള സര്‍ക്കാര്‍ ഭവനപദ്ധതിയിലും വസന്തക്ക് വീട് ലഭിച്ചില്ല.

പഞ്ചായത്തിലെ അതിദരിദ്രരെ ആ പട്ടികയില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമമാണ് വസന്തയുടെ ഭൂമിക്ക് പട്ടയം ലഭിക്കാന്‍ വഴിതെളിച്ചത്.

വസന്ത നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച റവന്യൂ വകുപ്പ് അതിവേഗം പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവരുടെ കൈവശമുണ്ടായിരുന്ന 20 സെന്റ് ഭൂമിക്ക് പട്ടയം അനുവദിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ പെരിങ്ങോം-വയക്കര പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് വികസനസമിതിയംഗങ്ങളുടെയും സാന്നിധ്യത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ ടി.മനോഹരന്‍ വസന്തയ്ക്ക് പട്ടയവും നികുതി രസീതും കൈമാറി.

ഡെപ്യൂട്ടി തഹസില്‍ദാര്‍ എച്ച്.സഫിയുദ്ദീന്‍, പെരിങ്ങോം വില്ലേജ് ഓഫിസര്‍ എ.കല്‍പന, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സന്തോഷ് കുതിരുമ്മല്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എം.കെ. മധുസൂദനന്‍ എന്നിവരും പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഫാത്തിമബീവി, വില്ലേജ് വികസനസമിതി അംഗങ്ങളായ സി. പത്മനാഭന്‍, അസൈനാര്‍ അരവഞ്ചാല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമായതോടെ വസന്തയ്ക്ക് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.