‘കില’ ക്ക് ഇനി സ്വന്തം കോളേജും-കോഴ്‌സുകളാകട്ടെ അപൂര്‍വ്വവും-

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: കിലയുടെ കരിമ്പം പരിശീലനകേന്ദ്രത്തില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം കോളേജിന് അംഗീകാരം നല്‍കി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങും.

തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന കേരളാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ 2017 ല്‍ ഏറ്റെടുത്ത വികസന

പരിശീലന കേന്ദ്രത്തില്‍ ഇപ്പോള്‍ ഗ്രാമവികസനത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി കോഴ്‌സുകള്‍ നടന്നുവരുന്നുണ്ട്.

1952 ല്‍ ഗാന്ധിയന്‍ രീതിയില്‍ ഗ്രാമസേവകര്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ച ഗ്രാമസേവക് ട്രെയിനിംഗ് സെന്റര്‍(ജി.ടി.സി.) പിന്നീട്

വികസന പരിശീലന കേന്ദ്രമായി(ഇ.ടി.സി-എക്‌സ്‌ടെന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍) മാറുകയായിരുന്നു.

കില ഏറ്റെടുത്ത കൊല്ലം ജില്ലയിലെ കൊട്ടാരക്കര, തൃശൂരിലെ മണ്ണൂത്തി എന്നീ മേഖലാ കേന്ദ്രങ്ങളില്‍ കോളേജ് അനുവദിച്ചിരിക്കുന്നത് കരിമ്പത്ത് മാത്രമാണ്.

നിലവില്‍ ഓര്‍ഗാനിക് ഫാമിംങ്ങ് ആന്റ് വേസ്റ്റ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ സ്‌പെഷ്യലൈസ്ഡ് കേന്ദ്രമായാണ് കരിമ്പത്തെ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ എവിടെയും ഇല്ലാത്ത മൂന്ന് പി.ജി കോഴ്‌സുകളാണ് കരിമ്പത്തെ പുതിയ കോളേജില്‍ ആരംഭിക്കുക.

ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ എം.എ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഡവലപ്‌മെന്റ്, എം.എ-പബ്ലിക്ക് പോളിസി ആന്റ് ഡവലപ്‌മെന്റ്, എം.എ-ഡീസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ് എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുക.

തുടര്‍ വര്‍ഷങ്ങളില്‍ മറ്റ് വിവിധ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകളും ആരംഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പില്‍ നടന്നുവരുന്ന അധികാര വികേന്ദ്രീകരണത്തിലും താഴെ തട്ടില്‍

നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളിലും ഗുണപരമായി ഇടപെടാന്‍ തക്കവിധത്തിലുള്ള ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് ആരംഭിക്കുന്നതെന്നും മൂന്ന്

കോഴേസുകളില്‍ പഠനം നടത്തുന്നവര്‍ക്കും വലിയ തൊഴില്‍സാധ്യതയുണ്ടാവുമെന്നും കില കേന്ദ്രങ്ങള്‍ പറഞ്ഞു.

നിലവില്‍ പല കാര്യങ്ങളുടെ നിര്‍വ്വഹണത്തിലും കഴിവുള്ളവരുടെ അഭാവം അധികാര വികേന്ദ്രീകരണ പ്രക്രിയയെ പിന്നോട്ടേക്ക്

വലിച്ചിരിക്കുന്ന സാഹചര്യം മറികടക്കാനാണ് ഭാവിയിലെ സാധ്യതകള്‍ കണ്ടറിഞ്ഞ് പുതിയ കോളേജ് തന്നെ ആരംഭിക്കുന്നത്.

ഓരോ കോഴ്‌സിനും 30 സീറ്റുകളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള കില സെന്റില്‍ ആരംഭിക്കുന്ന കോളേജിന് പരിശീലനകേന്ദ്രവുമായി നേരിട്ട് ബന്ധമുണ്ടാകില്ല.

പുതിയ കോളേജ് കെട്ടിടവും ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കോളേജിന് പ്രത്യേകമായി ഒരുക്കും.

കൂടുതല്‍ അപേക്ഷകരുണ്ടാവുകയാണെങ്കില്‍ പ്രവേശനപരീക്ഷയും ഇന്റര്‍വ്യൂവും വഴിയായിരിക്കും വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്.