നാലുവര്‍ഷമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടിമപ്പണിയെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍-സത്യാഗ്രഹസമരം നാളെ

പരിയാരം: നാലു വര്‍ഷമായി ജീവനക്കാരെക്കൊണ്ട് സര്‍ക്കാര്‍ അടിമപ്പണി ചെയ്യിക്കുകയാണെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 29 ന് നാളെ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അവര്‍ അറിയിച്ചു.

കാമ്പസില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന സമരം ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

എന്‍.ജി.ഒ. അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ. ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്ന, ജില്ലാ പ്രസിഡന്റ് എം.പി.ഷാനിജ്, സെക്രട്ടറി കെ.പി.വിനോദന്‍, ട്രഷറര്‍ കെ.വി.മഹേഷ് എന്നിവര്‍ പ്രസംഗിക്കും.

നാലുവര്‍ഷമായി പിടിച്ചുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, ഗ്രേഡ് പ്രമോഷന്‍ സംയബന്ധിതമായി നല്‍കുക, 2020 ഏപ്രില്‍ മാസം മുതല്‍ വിരമിച്ചവരുടെയും സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക,

ആഗിരണപ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം.

പത്രസമ്മേളനത്തില്‍ പി.ഐ.ശ്രീധരന്‍, യു.കെ. മനോഹരന്‍, കെ.വി.ദിലീപ് കുമാര്‍, ടി.വി.ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.