ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കണം-എന്‍.ജി.ഒ.എ സത്യാഗ്രഹ സമരം 29 ന്-ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

പരിയാരം: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 29 ന് എന്‍.ജി.ഒ.അസോസിയേഷന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കാമ്പസില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കും.

രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ നടക്കുന്ന സമരം ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

നാലുവര്‍ഷമായി പിടിച്ചുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, ഗ്രഡ് പ്രമോഷന്‍ സംയബന്ധിതമായി നല്‍കുക,

2020 ഏപ്രില്‍ മാസം മുതല്‍ വിരമിച്ചവരുടെയും സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക,

ആഗിരണപ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക,

ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം.

         ഉത്തരകേരളത്തിലെ മികച്ച ആരോഗ്യസ്ഥാപനമെന്ന് പേരെടുത്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍ വിവരണാതിതമാണ്. 2018 ഏപ്രില്‍ മാസം അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ കൊട്ടിഘോഷിച്ച് നടത്തിയ ഏറ്റെടുക്കല്‍ മാമാങ്കം ഇവരുടെ ദുരിതപര്‍വത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് കൂടിയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അല്പം വൈകിപ്പോയെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ നോതാക്കള്‍ പറയുന്നു. 2019 മാര്‍ച്ച് മാസം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലൂടെ സ്ഥാപനം പൂര്‍ണ്ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ആവുകയും തുടര്‍ന്ന് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച് കൊണ്ട് നിയമമാക്കി മാറ്റുകയും, ആസ്തിയും ബാധ്യതയും ഏറ്റെടുക്കുകയും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ യഥാവിധി നടപ്പില്‍ വരുത്തുമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചിറ്റമ്മനയ മാണ് സ്വീകരിച്ച് വരുന്നത്. ഏറ്റെടുക്കല്‍ പ്രഖ്യാപനം കഴിഞ്ഞ് 4 വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുമ്പോഴും ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ട ദുരവസ്ഥയിലാണ്. 2017 വര്‍ഷത്തില്‍ ലഭിച്ചിരുന്ന ശമ്പളം (12 ശതമാനം ഡി.എ. മാത്രം നല്‍കി കൊണ്ട് ) തുടര്‍ന്ന് പോകുന്നു എന്നല്ലാതെ അര്‍ഹതപ്പെട്ട ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണമോ അനുവദിക്കാതെ ജീവനക്കാരെ വഞ്ചിച്ചിരിക്കയാണ്. ഇതൊക്കെ എന്ന് പ്രാവര്‍ത്തികമാക്കും എന്ന് ബന്ധപ്പെട്ടവര്‍ക്ക് പറയാന്‍ സാധിക്കുന്നില്ല എന്ന് മാത്രമല്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അവഗണിക്കുകയും ചെയ്യുകയാണ്. സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയ ബില്ലില്‍ 11-ാമത്തെ പേജില്‍ 12-ാമത്തെ ഖണ്ഡികയില്‍ ജീവന കാരുടെ സേവന-വേതന വ്യവസ്ഥയെപ്പറ്റി പ്രതിപാദിച്ചതില്‍ അന്നുവരെ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും അതാത് സമയത്ത് തന്നെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നല്‍കണം എന്ന് വളരെ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടും ഭരണവര്‍ഗ്ഗത്തിന്റെയും, ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെയും കെടുകാര്യസ്ഥതയും കൊള്ളരുതായ്മയും അലംഭാവവും കൊണ്ട് ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അവകാശവും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് എന്തു വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കണമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നു. ഉത്തരവാദിത്വം മറന്ന് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് മാത്രമാണ് സംഘടന അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരത്തിലേക്ക് തിരിയാത്തത്.

Report ByNandalal–Pariyaram