ജീവനക്കാരുടെ ആഗിരണപ്രക്രിയ ഉടന്‍പൂര്‍ത്തിയാക്കണം: കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ തസ്തിക നിര്‍ണയവും ശമ്പളവും സംരക്ഷിച്ചു കൊണ്ട് ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ശമ്പളം സംരക്ഷിച്ചും, കൃത്യമായ നിലയില്‍ തസ്തിക നിര്‍ണയം നടത്തിയും, ആഗിരണ പ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം, സര്‍ക്കാര്‍ ഏറ്റെടുത്ത് ആറു വര്‍ഷം പൂര്‍ത്തിയായിട്ടും ജീവനക്കാരുടെ ഏറ്റെടുക്കല്‍ പ്രക്രിയ സങ്കീര്‍ണ്ണതയിലാക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നത് സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായിട്ടുള്ളതാണെന്നും, ഗവണ്‍മെന്റ് അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജ് മെഡിക്കല്‍ എജുക്കേഷന്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ എ.വി.സുധ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

സെക്രട്ടറി പി.ആര്‍.ജിജേഷ് സ്വാഗതവും പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.ഷീബ, സെക്രട്ടറിയേറ്റ് അംഗം ടി.ഷറഫുദ്ദീന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഭാരവാഹികളായി കെ.ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), എം. ശ്രീജേഷ്, ടി.വി.സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍.ജിജേഷ് (സെക്രട്ടറി), പി.വി.സന്തോഷ്‌കുമാര്‍, എം.വി.രമ്യ(ജോ.സെക്രട്ടറിമാര്‍) എ.വി.സുധ(ടഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.