തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ കാലവധി കഴിഞ്ഞ മരുന്നുവിതരണം ഗുരുതരമായ അനാസ്ഥ: ബിജെപി

തളിപ്പറമ്പ്: മുന്‍സിപ്പാലിറ്റിയില്‍ വ്യാപകമായ മഞ്ഞപ്പിത്തം പടരുമ്പോള്‍ ചികില്‍സ തേടി എത്തുന്ന രോഗികള്‍ക്ക് നല്‍കുന്നത് ആറുമാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍.

മഞ്ഞപ്പിത്തം കരളിനെ ബാധിക്കാതിരിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ കലാവധി കഴിഞ്ഞ് ആറ് മാസം പഴക്കമുള്ളവയാണ്.

രോഗികളുടെ ജീവന്‍ സ്വകാര്യ മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ബലി കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് ആശുപത്രിയില്‍ നടക്കുന്നത്.

അടിയന്തിരമായി ഫാര്‍മസിയിലെ മുഴുവന്‍ മരുന്നുകളും പരിശോധിച്ച് കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി ജെ പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മഞ്ഞപ്പിത്തം ബാധിച്ച ഒരു യുവതി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ രണ്ടാഴ്ചത്തേക്ക് നല്‍കിയ മരുന്ന് പരിശോധിച്ചപ്പോഴാണ് ഇത്തരം കാലപഴക്കം ചെന്നവ ശ്രദ്ധയിപ്പെട്ടത്.

ഇന്ന് രാവിലെ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനിയുടെ നേതൃതത്തില്‍ ആശുപത്രി സൂപ്രണ്ടിനും നഗരസഭ അധികൃതര്‍ക്കും രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

പരാതിപ്രകാരം സൂപ്രണ്ട് ബന്ധപ്പെട്ട ഫാര്‍മസി അധികൃതരോട് വിശദീകരണം തേടിയപ്പോള്‍ ന്യായീകരിക്കുന്ന സമാപനമാണ് ഉണ്ടായതെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു.