ഇതെന്ത് നിയമം-കാഷ്വാലിറ്റി വേറെ, ഇത് വേറെ 10 രൂപയെടുക്ക്

തളിപ്പറമ്പ്: ഇതൊക്കെ എന്ത് തന്തയില്ലാത്ത നിയമമാണ്?

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ തലതിരിഞ്ഞ ഒരു ഒ.പി.ടിക്കറ്റ് വ്യവസ്ഥയെക്കുറിച്ചാണ് ചോദിക്കുന്നത്.

കാഷ്വാലിറ്റിയില്‍ പരിശോധന നടത്തുന്നതും ജനറല്‍ ഒ.പിയില്‍ പരിശോധന നടത്തുന്നതും രണ്ടും രണ്ടാണെന്ന് പറഞ്ഞ് രോഗികളില്‍ നിന്ന് രണ്ടാമതും ഒ.പി.ടിക്കറ്റ് ചാര്‍ജ് ഈടാക്കുകയാണ്.

ഏപ്രില്‍ എട്ടിന് വൈകുന്നേരം 5.30 ന് കാഷ്വാലിറ്റിയില്‍ 10 രൂപ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധന നടത്തിയ രോഗിയോട് ഒരു ദിവസം ഇടവിട്ട് വന്ന് മുറിവ് ഡ്രസ്സ് ചെയ്യണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

അത് പ്രകാരം 10-ാം തീയതി ആശുപത്രിയില്‍ പോയപ്പോള്‍ വീണ്ടും 10 രൂപ അടച്ച് ഒ.പി.ടിക്കറ്റ് എടുക്കണമെന്നാണ് നിര്‍ദ്ദേശം.

നേരത്തെ നല്‍കിയ ഒ.പി ടിക്കററിന്റെ താഴെ കാലാവധി ഏഴ് ദിവസം  എന്ന് പ്രത്യേകം രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ കാഷ്വാലിറ്റിയില്‍ കാണിക്കുന്നതും ജനറല്‍ ഒ.പിയില്‍ കാണിക്കുന്നതും വേറെ വേറെ ആണെന്ന വിചിത്ര വാദമാണ് ഇവര്‍ പറയുന്നത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ 10 രൂപ ഒ.പി.ഫീസ് വാങ്ങുന്നത് തന്നെ കടുത്ത അനീതിയാണെന്നിരിക്കെയാണ് ഇത്തരത്തില്‍ പിടിച്ചുപറി നടത്തുന്നത്.

നഗരസഭക്കും ആശുപത്രി വികസനസമിതിക്കും താല്‍പര്യമുള്ള ചിലര്‍ക്ക് ജോലി നല്‍കാനും അവര്‍ക്ക് ശമ്പളം നല്‍കാനുമാണ് ഈ ഒ.പി.ഫീസ് വിനിയോഗിക്കുന്നത് എന്നിരിക്കെ ചതിയില്‍ വഞ്ചന കാട്ടുന്ന തരത്തിലുള്ള ഈ ഫീസ് പിരിവ് അടിയന്തിരമായി നിര്‍ത്തണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.

10 രൂപ ഇല്ലാത്തവര്‍ക്ക് ചികില്‍സ വേണ്ട എന്നതാണോ ആരോഗ്യനയം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.