ബി.ജെ.പിയുടെ ഉരുളക്ക് സംഘാടകരുടെ ഉപ്പേരി-നരേന്ദ്രമോദിയുടെയും അനുരാഗ് താക്കൂറിന്റെയും ഫോട്ടോകള്‍ വെച്ച് ബോര്‍ഡുകള്‍

പരിയാരം: ബി.ജെ.പിയുടെ ഉരുളക്ക് സംഘാടകരുടെ വക ഉപ്പേരി.

ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടന പോസ്റ്ററുകളിലോ ബോര്‍ഡുകളിലോ 6.94 കോടി രൂപയുടെ ഫണ്ട് അനുവദിച്ച കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഗണിച്ചു എന്നതായിരുന്നു ബി.ജെ.പിയുടെ ആരോപണം.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂറിന്റെയും ഫോട്ടോകള്‍ വെച്ച് മെഡിക്കല്‍ കോളേജ് പരിസരത്ത് തന്നെ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി സംഘാടകര്‍ ബി.ജെ.പി ആക്ഷേപത്തിന്റെ മുനയൊടിച്ചു.

അവഗണിക്കുന്നതായി ആരോപിച്ച് പരിപാടി തന്നെ ബഹിഷ്‌ക്കരിക്കുകയും പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്ത ബി.ജെ.പിക്ക് ഇത് തിരിച്ചടിയായിരിക്കയാണ്.

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ ആംസ്റ്റയാണ് ബോര്‍ഡ് സ്ഥാപിച്ചത്.

പിണറായി വിജയന്റെ ചിത്രത്തിന് മുകളിലായിട്ടാണ് പ്രധാനമന്ത്രിയുടെയും അനുരാഗ് താക്കൂറിന്റെയും ഫോട്ടോകള്‍ നല്‍കിയിരിക്കുന്നത്.