പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതി: ട്രക്കിംഗിന് ആവേശ തുടക്കം

കണ്ണൂര്‍: സമുദ്രനിരപ്പില്‍ നിന്ന് 2347 അടി ഉയരത്തില്‍ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി.

പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിനോദ സഞ്ചാരികള്‍.

കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ വനംവകുപ്പുമായി ചേര്‍ന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്.

വിനോദസഞ്ചാരികളുടെ സ്വപ്ന സാഫല്യമായി പാലുകാച്ചിമല ട്രക്കിങ് ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടില്‍ കണ്ണൂര്‍ ഡി.എഫ്.ഒ. പി.കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു.

കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍.സുനീന്ദ്രന്‍, മൈഥിലി രമണന്‍, കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നാരോത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ.സന്തോഷ് ഒറവാറന്തറ,

എം.പി.ബാലന്‍, പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡന്റ് ജോര്‍ജ് കുപ്പക്കാട്ട്, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ.മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗം സജീവന്‍ പാലുമ്മി,

പഞ്ചായത്ത് സിക്രട്ടറിമാരായ പി.കെ.വിനോദ്, കെ.കെ.സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം പാലുകാച്ചിമല കയറി മണിക്കൂറോളം അവിടെ ചെലവഴിച്ച ട്രക്കിങ് സംഘം ഉച്ചക്ക് ശേഷം മലയിറങ്ങി.