ഔഷധ വിജ്ഞാനവ്യാപന കേന്ദ്രം വീണ്ടും സന്ദര്‍ശകര്‍ക്കായി ഒരുങ്ങി
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: ഔഷധസസ്യങ്ങളുടെ തിരിച്ചറിയിലിനായി ഇനി എവിടെയും അലയേണ്ട,
പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രം പൂര്‍ണതോതിയില്‍ പ്രവര്‍ത്തനം തുടങ്ങി.
2017 ജൂണ്‍ 24 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രം കനത്ത കാറ്റിലും മഴയിലും നശിച്ചതിനെതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല.
നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കേന്ദ്രത്തില്‍ 200 ഔഷധസസ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെടികള്‍ കണ്ട് ഔഷധചെടികളെ തിരിച്ചറിയാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൗരാണികമായ തുളസിത്തറയാണ് ഈ കേന്ദ്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
മുന്‍കാലങ്ങളില്‍ തറവാട് വീടുകള്‍ക്ക് മുന്നില്‍ നിര്‍ബന്ധമായും തുളസിത്തറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും കാലാന്തരത്തില്‍ ഇന്ന് തുളസിത്തറകള്‍ അപൂര്‍വ്വ കാഴ്ച്ചയാണ്.
തൃശുരില്‍ നിന്നും വാസ്തുവിദ്യപ്രകാരം തുളസിത്തറ നിര്‍മ്മിക്കുന്നവരെ വരുത്തിയാണ് ഇവിടെയും തുളസിത്തറ നിര്‍മ്മിച്ചിരിക്കുന്നത്.
തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ പരിയാരം ഔഷധി മേഖലാ കേന്ദ്രത്തില്‍ ആരംഭിച്ച വിജ്ഞാനകേന്ദ്രം ഔഷധിയുടെ കേരളത്തിലെ ആദ്യത്തെതാണ്.
കോവിഡ് പൂര്‍ണമായും ഒഴിവാകുന്നതോടെ ഓരോമണിക്കൂറിലും ഔഷധസസ്യ പരിചയക്ലാസ് നല്‍കാനും ആലോചനയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
