പ്ലാസ്റ്റിക്കും ഇല്ല ഗ്യാസ്‌ട്രോയും ഇല്ല, റേഡിയോളജി ഇല്ല, കാര്‍ഡിയോളജിയും കണക്ക് തന്നെ-അത്യാഹിത വിഭാഗമോ-? പരിയാരത്ത് എന്തിനാണപ്പാ ഈ മുടിക്കല്‍ കോളേജ്.
പരിയാരം:കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമായില്ല.
സൂപ്പര്‍ സ്‌പെഷാലിറ്റി പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനം ഒരുക്കാത്തതാണ് പ്രശ്‌നം.
മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തതാണ് സൂപ്പര്‍ സ്‌പെഷാലിറ്റി പ്ലാസ്റ്റിക്ക് സര്‍ജറി തീയറ്റര്‍.
ഒ.പി.യില്‍ വിദഗ്ദനായ ഒരു ഡോക്ടറെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സാ ഉപകരണങ്ങള്‍ അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് നീളുകയാണ്.
വാഹനാപകടങ്ങള്‍ അടക്കം സംഭവിച്ച് എത്തുന്ന നിരവധി രോഗികള്‍ക്ക് ഇവിടെ പ്ലാസ്റ്റിക്ക് സര്‍ജറി അത്യാവശ്യമായി വരുന്നുണ്ട്.
ഇപ്പോള്‍ ഇങ്ങനെയുള്ളവരെ വിദൂരത്തുള്ള സ്വകാര്യ ആസ്പത്രികളിലേക്ക് മാറ്റേണ്ടി വരികയാണ്.
വെള്ളിയാഴ്ച പിലാത്തറയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് പ്ലാസ്റ്റിക്ക് സര്‍ജറി ആവശ്യമായ രോഗിയെ തലശ്ശേരിയിലേക്ക് മാറ്റേണ്ടി വന്നു.
വിദഗ്ദനായ ഡോക്ടര്‍ ഉണ്ടായിട്ടും യൂനിറ്റ് തുടങ്ങി സൗകര്യങ്ങള്‍ ഒരുക്കാത്തത് നിര്‍ധനരായ രോഗികള്‍ക്ക് അടക്കം പ്രയാസമാകുകയാണ്.
മെഡിക്കല്‍ കോളേജില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനവും നിലച്ച നിലയിലാണ്.
സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗമായ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അടച്ചിട്ടിരിക്കയാണിപ്പോള്‍.
ഡോക്ടര്‍മാരുടെ കുറവാണ് കാരണം. ഗ്യാസ്‌ട്രോ സര്‍ജറിയിലെ ഡോക്ടര്‍ നീണ്ട അവധിയിലായതിനാല്‍ ഗ്യാസ്‌ട്രോ വിഭാഗം ശസ്ത്രക്രിയയും നടക്കുന്നില്ല.
പല ഡിപ്പാര്‍ട്ടുമെന്റുകളിലും നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് ആസ്പത്രി വിഭാഗത്തെയും അക്കാദമി കാര്യങ്ങളിലും ബാധിക്കാന്‍ തുടങ്ങി.
അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം രണ്ട് യൂനിറ്റ് ഉണ്ടായിരുന്നത് ഒന്നായി ചുരുക്കിയിട്ട് മാസങ്ങളായി.
എട്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് നാലായി കുറഞ്ഞതോടെ ഒ.പി. പരിശോധന തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് നടക്കുന്നത്.
ഈ ദിവസങ്ങളില്‍ അത്യാവശ്യ ശസ്ത്രക്രിയകള്‍ കൂടി ഉണ്ടാകുമ്പോള്‍ ഒ.പി.യിലെത്തുന്നവരുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാരും പാടുപെടുകയാണ്.
അസ്ഥിരോഗ വിഭാഗത്തിലെ വാര്‍ഡുകളില്‍ ചികിത്സയിലുള്ളവര്‍ക്ക് ശസ്ത്രക്രിയകള്‍ പലപ്പോഴും കൃത്യസമയത്ത് നടക്കുന്നില്ല.അക്കാദമിക് കാര്യങ്ങളിലും ഡോക്ടര്‍മാരുടെ കുറവ് പ്രശ്‌നമാകുന്നുണ്.
ഓര്‍ത്തോ വിഭാഗത്തില്‍ ഒരു പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ നികത്തേണ്ടതുണ്ട്.
റേഡിയോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവുണ്ട്. അത്യാഹിത വിഭാഗത്തില്‍ അടിയന്തര പ്രാധാന്യമുള്ള രോഗവുമായോ അപകടങ്ങളുമായോ എത്തുന്നവര്‍ക്ക് വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും പരാതി ഉണ്ട്.