പയ്യന്നൂരിന് ആരാമം തീര്‍ത്ത് പരിയാരത്തെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

പരിയാരം: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ പെരുമ്പയില്‍ വൃത്തിഹീനമായി കിടന്ന റോഡരികില്‍ പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍.

പരിയാരം കെകെഎന്‍പിഎം ജിവിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘ആരവം’ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് പൂന്തോട്ടമൊരുക്കിയത്.

പയ്യന്നൂര്‍ നഗരസഭ സ്‌നേഹാരാമം പദ്ധതിക്കായി അനുവദിച്ച സ്ഥലത്താണ് പൂന്തോട്ടം. നവവത്സരപ്പിറവിയില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത സ്‌നേഹാരാമം നാടിന് സമര്‍പ്പിച്ചു.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് വി.വി.ദിവാകരന്‍ അധ്യക്ഷത വഹിച്ചു.

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇക്ബാല്‍ പോപ്പുലര്‍, നഗരസഭ സീനിയര്‍ സൂപ്രണ്ട് എ.വി. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ കെ.അനില്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ സി.ഷീന നന്ദിയും പറഞ്ഞു.

ടി.ഐ. മധുസൂദനന്‍എം.എല്‍.എ ക്യാമ്പ് സന്ദര്‍ശിച്ചു. സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിവിധ സേവന പ്രവര്‍ത്തനങ്ങളാണ് യൂനിറ്റ് ഏറ്റെടുത്ത് നടത്തിയത്.

ചിറ്റാരിക്കൊവ്വല്‍ എവി സ്മാരക വായനശാലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലും ദന്തപരിശോധനാ ക്യാമ്പിലും നൂറോളം പേര്‍ പങ്കെടുത്തു. പുളിങ്ങോം ലിസി ഓള്‍ഡ് ഏജ് ഹോമില്‍ നടത്തിയ സമപന്തിഭോജനം, ഓടക്കൊല്ലി ഗുഹകളിലേക്ക് നടത്തിയ സാഹസികയാത്ര എ ന്നിവ വളണ്ടിയര്‍മാര്‍ക്ക് നവ്യാനുഭവമായി.

ലിംഗസമത്വത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സമം ശ്രേഷ്ഠം പദ്ധതിയും സമത്വജ്വാലയും വിദ്യാര്‍ത്ഥികളില്‍ ആധുനിക കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ സവിശേഷ പങ്ക് വഹിച്ചു.

ചിറ്റാരിക്കൊവ്വല്‍ പ്രദേശത്ത് നടത്തിയ പാതയോര ശുചീകരണം ജനശ്രദ്ധയാകര്‍ഷിച്ചു. ലഹരിവിമുക്ത കേരളം ലക്ഷ്യമാക്കി നടത്തിയ വര്‍ജ്യസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ക്യാമ്പില്‍ വിവിധ സ്‌കില്‍ സെഷനുകളും സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് നടത്തിയ പ്രഥമ ശുശ്രൂഷ പരിശീലനമായ രക്ഷിതം, തളിപ്പറമ്പ ബിആര്‍സി യുമായി ചേര്‍ന്ന് നടത്തിയ പേപ്പര്‍ ആര്‍ട്ട് ശില്പശാല എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക ജീവിതത്തില്‍ ഗുണകരമായ കരുത്ത് നല്‍കുന്നവയായി മാറി.

സപ്തദിന ക്യാമ്പിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കേരളാ ശുചിത്വ മിഷന്‍, വിമുക്കി സെല്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സാമൂഹ്യനീതി വകുപ്പ് , പാലിയം ഇന്ത്യ & ഐ എ പി സി കേരളാ ചാപ്റ്റര്‍ തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായ സഹകരണങ്ങള്‍ ലഭിച്ചു.

ഡിസംബര്‍ 26 ന് തുടങ്ങിയ സപ്തദിന ക്യാമ്പ് ജനുവരി 1 ന് അവസാനിച്ചു.