വാസ്‌നാ കീ ഭൂക്ക്-അഥവാ ഉയരും ഞാന്‍ നാടാകെ.

കരിമ്പം.കെ.പി.രാജീവന്‍.

മലയാള സിനിമയില്‍ ഒരു സമ്പന്ന കാലഘട്ടത്തിലെ സംവിധായകനാണ് പി.ചന്ദ്രകുമാര്‍.

54 സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ തമിഴിലും തെലുങ്കിലും
കന്നഡയിലുമൊക്കെ ചെയ്തിട്ടുണ്ട്.

അതില്‍ കൂടുതലുംസെക്‌സ്‌ സിനിമകളായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഗുരുനാഥനായ ചന്ദ്രകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ഏറ്റവും നല്ല സിനിമയാണ് 1985 നവംബര്‍ ഒന്നിന് റിലീസായ മോഹന്‍ലാല്‍ നായകനായ ചിത്രം ഉയരും ഞാന്‍ നാടാകെ.

ആദിവാസി ജീവിതത്തെക്കുറിച്ച് എഴുത്തുകാരന്‍ കെ.പാനൂര്‍ രചിച്ച കേരളത്തിലെ ആഫ്രിക്ക, മലകള്‍ താഴ്‌വരകള്‍ മനുഷ്യര്‍ എന്നീ പുസ്തകങ്ങളെ അധികരിച്ച് പി.എം.താജ് തിരക്കഥയും സംഭാഷണവും രചിച്ചു.

മോഹന്‍ലാല്‍, സോമന്‍, വേണുനാഗവള്ളി, ടി.ജി.രവി, ബാലന്‍.കെ.നായര്‍, രാമു, മാധുരി, അരുണ, ഭാഗ്യലക്ഷ്മി എന്നിവരഭിനയിച്ച ഈ സിനിമയില്‍ ഒ.എന്‍.വി.കുറുപ്പ്-ഹരിപ്പാട് കെ.പി.എന്‍.പിള്ള എന്നിവര്‍ നല്ല ഒരുക്കിയ ഗാനങ്ങളുമുണ്ട്.

അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും മാര്‍ഷല്‍ എഞ്ചിനീയറിംഗ് സ്ഥാപകനുമായ കുറ്റിയില്‍ ബാലനാണ് നിര്‍മ്മാതാവ്.

മോഹന്‍ലാലിന്റെ ദാരപ്പനും ടി.ജി.രവിയുടെ കുഞ്ഞനുമൊക്കെ അഭിനയത്തിന്റെ സ്വാഭാവികത കൊണ്ട് നമ്മെ ഞെട്ടിച്ച സിനിമ.

പശുക്കളുമായി പ്രഭാതത്തില്‍ പുല്‍മേടുകള്‍ തേടിയിറങ്ങുന്ന ആദിവാസി ബാലനില്‍ ആരംഭിച്ച് ദുരന്തങ്ങളില്‍ നിന്നും പുതിയ ഉയിര്‍പ്പിലേക്ക് കുതിക്കുന്ന ആദിവാസി ബാലനില്‍ അവസാനിക്കുന്ന ഈ സിനിമ അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ലാസിക്ക് മൂവിയായി ഗണിക്കപ്പെടേണ്ടത് തന്നെയാണ്.

(സിനിമ യൂട്യൂബില്‍ ലഭ്യമാണ്). ഈ സിനിമയാണ് ഹിന്ദിയില്‍ വാസ്‌നാ കീ ഭൂക്ക് എന്ന പേരില്‍ സെക്‌സ് സിനിമയായി റിലീസ് ചെയ്തത്. ആദിവാസികളായ മോഹന്‍ലാലിന്റെയും മാധുരിയുടെയും ചിത്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

സംവിധായകന്റെ തന്നെ ഫേസ്ബുക്ക് പേജിലാണ് വാസ്‌നാ കീ ഭൂക്കിന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമ താരങ്ങളുടെ കയ്യിലായതോടെ അദ്യപാപത്തില്‍ തുടങ്ങി സെക്‌സ് സിനിമകളിലേക്ക് തിരിഞ്ഞ ചന്ദ്രകുമാര്‍ 1995 ലെ മിനി എന്ന ദേശീയ അവാര്‍ഡ് നേടിയ കുട്ടികളുടെ സിനിമക്ക് ശേഷം പുതിയ സിനിമകളൊന്നും ചെയ്തിട്ടുമില്ല.