ശ്രീകണ്ഠാപുരം പീപ്പിള്‍സ് വില്ലേജ്-ഉദ്ഘാടനം നാളെ

കണ്ണൂര്‍:2019-ലെ പ്രളയത്തിലും മറ്റു സാഹചര്യങ്ങളിലുമായി കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങളുള്‍പ്പെട്ട ശ്രീകണ്ഠപുരം പീപ്പിള്‍സ് വില്ലേജ് ശനിയാഴ്ച (നാളെ) വൈകീട്ട് നാലിന് (മാര്‍ച്ച് 12) കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിക്കും.

വില്ലേജിലേക്കുള്ള വൈദ്യുതി വിതരണം വ്യാഴാഴ്ച കെ.എസ്. ഇ.ബി. പൂര്‍ത്തീകരിച്ചതോടെ 11 ഭവനങ്ങളിലും സമ്പൂര്‍ണ്ണ സജ്ജീകരണങ്ങളായി.

എല്ലാ ഭവനങ്ങളിലും ജലവിതരണ സംവിധാനം നേരത്തെ തുടങ്ങിയിരുന്നു. ഉദ്ഘാടനത്തിന്റെ പിറ്റേന്ന് മുതല്‍ കടുംബങ്ങള്‍ക്ക് വീടുകളില്‍ താമസമാക്കാം.

കെ.മുരളീധരന്‍ എം.പി.യാണ് ഭൂരഹിതരായ ആറ് കുടുംബങ്ങള്‍ക്ക് താക്കോ ദാന കര്‍മം നിര്‍വഹിക്കുന്നത്. കെ.വി.സുമേഷ് എം.എല്‍ എ ഏറ്റുവാങ്ങും.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ പി.മുജീബുറഹ്മാന്‍ കൈമാറും. ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന താക്കോല്‍ സ്വീകരിക്കും.

അഞ്ച് വീടുകളും കമ്മ്യൂണിറ്റി സെന്ററും തൊഴില്‍പരിശീലന കേന്ദ്രവും ഉള്‍പ്പെട്ട രണ്ടാംഘട്ട പദ്ധതി ഡല്‍ഹി ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ടി.ആരിഫലി പ്രഖ്യാപിക്കും.

വില്ലേജിലെ ജലവിതരണപദ്ധതി അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പീപ്പിള്‍സ് വില്ലേജ് പത്രിക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ചലചിത്രതാരം സന്തോഷ് കീഴാറ്റൂരിന് നല്‍കി പ്രകാശനം ചെയ്യും.

നഗരസഭ പ്രതിപക്ഷ അംഗം ടി.ആര്‍.നാരായണന്‍ വില്ലേജിന്റെ ഹരിതവല്‍കരണ പരിസ്ഥിതി പ്രഖ്യാപനം നിര്‍വഹിക്കും.

പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍
വിവിധ മതസാംസ്‌കാരിക നേതൃത്വ രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ നേരും.

കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയില്‍ നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയില്‍ ഒരേക്കര്‍ ഭൂമിയിലാണ് ‘പീപ്പിള്‍സ് വില്ലേജ്’ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു വ്യക്തി ദാനമായി നല്‍കിയതാണ് ഭൂമി.

2020 സപ്തംബര്‍ 10ന് കോവിഡ് ഒന്നാം തരംഗവേളയില്‍ .കെ.സുധാകരന്‍ എം.പി. ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു.

കോവിഡ് പ്രതിസന്ധിക്കിടയിലും തൊട്ടടുത്ത മാസം നിര്‍മാണം തുടങ്ങി 16 മാസത്തിനകം 11 വീടുകളും സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കുകയായിരുന്നു.

നാല് സെന്റ് വീതം ഭൂമിയില്‍ രണ്ട് ബെഡ്‌റൂം 550 സ്‌ക്വയര്‍ഫീറ്റ് ഭവനങ്ങളാണിത്. ഒരു വീടിന് ഏഴ് ലക്ഷം രൂപ വീതമാണ് ചെലവ്.

ഉദാരമനസ്‌കരില്‍ നിന്നാണ് ഫണ്ട് സ്വരൂപിച്ചത് അനുബന്ധ ചെലവുകളില്‍ ശ്രീകണ്ഠപുരത്തെ വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും ഭൂരഹിത കുടുംബങ്ങളും സഹായിച്ചു.

2018 ഡിസംമ്പറിലാണ് സ്ഥലം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്.