ശല്യക്കാരാണെങ്കിലും ആ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ചു, പക്ഷെ.—– ഇത് പാണപ്പുഴക്കാരുടെ നന്‍മ മനസ്-

 

Report-Byകരിമ്പം.കെ.പി.രാജീവന്‍

പരിയാരം: ശല്യക്കാരാണെങ്കിലുംആ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ അവര്‍ പരിശ്രമിച്ചു, പക്ഷെ.—–

കൃഷി മുഴുവന്‍ നശിപ്പിച്ച കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാന്‍ നാട്ടുകാരും വനംവകുപ്പ് അധികൃതരും കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പാണപ്പുഴ പറവൂര്‍ കാര്യാട് സ്‌കൂളിന് സമീപത്തെ എന്‍.കുഞ്ഞിരാമന്റെ കൃഷിസ്ഥലമാണ് കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചത്.

പന്നിയെ തേടിയെത്തിയ നാട്ടുകാരുടെ സംഘത്തെ ആക്രമിക്കാനെത്തിയ പന്നിയെ ഓടിച്ചുവിട്ടുവെങ്കിലും ഈ പന്നിയുടെ ആറ് കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെ ഇതിനെ രക്ഷിക്കാനുള്ള ശ്രമത്തിലായി നാട്ടുകാര്‍.

നവംബര്‍ നാലിന് വൈകുന്നേരമാണ് പന്നിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ റെസ്‌ക്യൂവര്‍ പവിത്രന്‍ ഏഴിലോട് പന്നിക്കുഞ്ഞുങ്ങളെ ഏറ്റെടുത്തുവെങ്കിലും ഒരെണ്ണം ചത്തനിലയിലായിരുന്നു.

ബാക്കി അഞ്ചെണ്ണത്തേയും വനംവകുപ്പിന്റെ തളിപ്പറമ്പിലെ റേഞ്ച് ഓഫീസിലേക്ക് മാറ്റിയെങ്കിലും കഷ്ടിച്ച് ഒരാഴ്ച്ച മാത്രം വളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ അമ്മയുടെ മുലപ്പാല്‍ ലഭിച്ചാല്‍ മാത്രമേ രക്ഷപ്പെടൂ

എന്നതിനാല്‍ റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ പിറ്റേന്നുതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിസരം മുഴുവന്‍ തിരഞ്ഞുവെങ്കിലും തള്ളപന്നിയെ കാണാനായില്ല.

ഇതിനിടെ രണ്ട് കുഞ്ഞുങ്ങള്‍കുടി ചത്തു. ഇന്നലെയും വനംവകുപ്പധികൃതരും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും തള്ളപ്പന്നിയെ കണ്ടുകിട്ടിയില്ല.

ഇന്നലെ വൈകുന്നേരത്തോടെ മറ്റ് മൂന്ന് പന്നിക്കുഞ്ഞുങ്ങള്‍ കൂടി ചാവുകയും ചെയ്തു.

അമ്മയുടെ മുലപ്പാല്‍കിട്ടാതെ അവശനിലയിലായ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയെടുക്കാന്‍ വനം വകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വലിയ ശ്രമം

നടത്തിയെങ്കിലും എല്ലാം പാഴായിപ്പോയ വിഷമത്തിലാണ് അധികൃതര്‍. പന്നി ശല്യമാണെങ്കിലും പാണപ്പുഴക്കാര്‍ നന്‍മയുള്ളവരാണെന്ന് തെളിയിച്ചിരിക്കയാണ് ഈ സംഭവം.