അക്രമം ആവര്‍ത്തിക്കാന്‍ കാരണം തളിപ്പറമ്പ് പോലീസിന്റെ ഗുരുതരമായ അനാസ്ഥ.–പി.കെ.സരസ്വതി

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് തളിപ്പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പറഞ്ഞു.

കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടെറിയും പൊതുപ്രവര്‍ത്തകനുമായ മാലില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസിന്റെ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും കൊടിമരങ്ങല്‍ കടത്തിക്കൊണ്ടുപോകുകയും ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പരാതികള്‍ നല്‍കിയാല്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല.

പിഴുതുമാറ്റിയ കൊടിമരം തുള്ളന്നൂരിലെ ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ കണ്ടത് ഫോട്ടോ സഹിതം പോലീസിലറിയിച്ചപ്പോള്‍ പോലീസ് എത്തുമ്പോഴേക്കും അവിടെ നിന്ന് മാറ്റിയ സംഭവവും നടന്നതായി പി.കെ.സരസ്വതി പറഞ്ഞു.

മാന്തംകുണ്ടില്‍ നിന്ന് സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് ഉള്‍പ്പെടെ കൊണ്ടുപോയതിലും പോലീസ് അലംഭാവം തുടരുകയായിരുന്നു.

ആഗസ്ത് 30 രാത്രി മാലില പത്മനാഭന്റെ സ്‌ക്കൂട്ടറിന്റെ സീറ്റുകള്‍ കുത്തിക്കീറിയ സംഭവത്തില്‍ പിന്നില്‍ സി.പി.എം പ്രവര്‍ത്തകാണെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടും പേരിന് പോലും ഒരു അന്വേഷണത്തിന് പോലീസ് തയ്യാറായില്ല.

ആ സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ സ്‌ക്കൂട്ടര്‍ കിണറില്‍ തള്ളിയത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിലാണ് കോണ്‍ഗ്രസ് തല്‍ക്കാലം ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധം അവസാനിപ്പിച്ചതെന്നും, കര്‍ശനമായ നടപടികള്‍ ഉണ്ടാവാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടങ്ങുെമന്നും പി.കെ.സരസ്വതി പറഞ്ഞു.