സി.സി.ടി.വി ഘടിപ്പിക്കൂ, അല്ലെങ്കില്‍ സുഹൃത്തുക്കളെ കാവലേല്‍പ്പിക്കൂ-
പരിയാരം: നിങ്ങള്‍ വീട്ടില്‍ സി.സി.ടി.വി ഘടിപ്പിക്കൂ, അതല്ലെങ്കില്‍ സുഹൃത്തുക്കളായ രണ്ടോ മൂന്നോ പേരെ കാവല്‍ ഏല്‍പ്പിക്കൂ-പോലീസിന് പരിമിതികളുണ്ട്.

ഇത് പറയുന്നത് പരിയാരം പോലീസ് എസ്.ഐ.
ആറ് മാസത്തിനിടെ മൂന്ന് തവണ കവര്‍ച്ചക്കിരയായ വീട്ടുടമസ്ഥനോടാണ് ഈ ഉപദേശം.
പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നും അധികം അകലെയല്ലാത്ത കള്ളക്കാന്തോട്ടിലെ കൊഴുമ്മല്‍ പുതിയപുരയില്‍ നാരായണന്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ആദ്യത്തെ കവര്‍ച്ച ആഗസ്റ്റ് മാസത്തിലായിരുന്നു.
പഴയ ഓടിട്ട വീടിന്റെ ഓട് എടുത്തുമാറ്റിയാണ് കള്ളന്‍ വീട്ടിനകത്ത് കടന്നത്.
6000 രൂപയും ചില്ലറ നാണയങ്ങളും മറ്റും മോഷണം പോയിരുന്നു.
നാരായണന്റെ മകന്‍ കെ.പി.ജിഷ്ണുവാണ് പരാതിയുമായി പരിയാരം പോലീസ് സ്‌റ്റേഷനിലെത്തിയത്.
പരാതി സ്വീകരിച്ച പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വീട്ടുകാര്‍ ജോലിക്ക് പോയ അവസരത്തിലായിരുന്നു കവര്‍ച്ച.
പ്രാഥമികമായ ഒരന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ എന്നായിരുന്നു പോലീസ് ജിഷ്ണുവിനോട് പറഞ്ഞത്.
ഇതിനിടെ ആദ്യ മോഷണം നടന്ന് ഒരാഴ്ച്ചക്കകം വീണ്ടും സമാനമായ രീതിയില്‍ ഇവിടെ മോഷണം നടന്നു.
ഇത്തവണ ചെമ്പുപാത്രങ്ങളും ഓട്ടുവിളക്കുകളും മറ്റുമാണ് മോഷ്ടാവ് കൊണ്ടുപോയത്.
ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോഴാണ് സി.സി.ടി.വി ക്യാമറ വെക്കാനും സുഹൃത്തുക്കളെ കാവല്‍ നിര്‍ത്താനുമുള്ള വിലയേറിയ ഉപദേശങ്ങള്‍ പോലീസ് നല്‍കിയത്.
സമാനമായ രീതിയില്‍ കള്ളക്കാന്തോട്ടിലെ മറ്റ് ചില വീടുകളിലും മോഷണങ്ങളും മോഷണ ശ്രമങ്ങളും ഇക്കാലയളവില്‍ നടന്നിരുന്നു.
എന്നാല്‍ ഇതിലൊന്നും കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ല. വീട് സുരക്ഷിതമല്ലെന്ന് ബോധ്യമായതിനാല്‍ വീട്ടുകാര്‍ ചെറുവിച്ചേരിയിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി.
അടച്ചിട്ട വീട്ടില്‍ ആഴ്ച്ചയില്‍ രണ്ടുദിവസം വന്ന് ശുചീകരണം നടത്തി തിരിച്ചുപോവുകയായിരുന്നു.
ഇന്നലെ വീണ്ടും നാരായണന്റെ വീട്ടില്‍ മോഷണം നടന്നത് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ജിഷ്ണുവിന്റെ ശ്രദ്ധയില്‍ പെട്ടത്.
വീട്ടിനകം മുഴവന്‍ വാരിവലിച്ചിട്ട നിലയിലാണ്.
ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.
നേരത്തെ നടന്ന രണ്ട് കവര്‍ച്ചകള്‍ പോലീസ് അവഗണിച്ചതാണ് വീണ്ടും കവര്‍ച്ച നടക്കാന്‍ കാരണമായതെന്നാണ് പരാതി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രമാദമായ നിരവധി കവര്‍ച്ച നടന്നുവെങ്കിലും ഇതില്‍ അപൂര്‍വ്വം കേസുകളില്‍ മാത്രമേ പോലീസ് പ്രതികളെ പിടികൂടിയിട്ടുള്ളൂ.
പളുങ്കുബസാറിലെ മോഷണക്കേസ് അന്വേഷണം ഉള്‍പ്പെടെ മരവിച്ച അവസ്ഥയിലാണ്.
