ദേ ഞങ്ങളിങ്ങെത്തി-തകര്‍ന്ന കാര്‍ കണ്ടു-എന്ന് സ്വന്തം പരിയാരം പോലീസ്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

പരിയാരം: വാര്‍ത്ത വന്നതിന് പിറകെ പരിയാരം പോലീസ് കാര്‍തകര്‍ത്ത് കവര്‍ച്ച നടത്തിയ സ്ഥലത്തെത്തി.

പരിയാരം പോലീസ് പരിധിയിലെ കുപ്പം മുക്കുന്നില്‍ നടന്ന കാറിന്റെ ചില്ലടിച്ച് തകര്‍ത്ത സംഭവത്തിലാണ് പരിയാരം പോലീസ് സ്ഥലം പരിശോധിക്കാനെത്തിയത്.

ഇന്നലെ നടന്ന സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് തിരിഞ്ഞുനോക്കാത്തത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പോലീസ് എത്തിയത്.

പരാതിക്കാരനോട് നാളെ മൊഴിയെടുക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-6333 സ്വിഫ്റ്റ് കാറാണാണ് അടിച്ചു തകര്‍ത്ത് പണം കവര്‍ന്നത്.

കാറില്‍ സൂക്ഷിച്ച 74,400 രൂപ മോഷ്ടിച്ചതായാണ് പരാതി. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാത്രി 11 നാണ് സംഭവം.

രണ്ട് മാസം മുമ്പ് വാങ്ങിയ കാറിന്റെ തവണയടക്കാനായി കാറിനകത്ത് സൂക്ഷിച്ച പണം കവര്‍ന്നതായാണ് പരാതി.

ഇത് സംബന്ധിച്ച് പരിയാരം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്ന പരാതി.

മാട്ടൂല്‍, നാറാത്ത് സ്വദേശികളായ രണ്ടുപേരെ സംശയിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നുവത്രേ.

സംഭവം വിവാദമായതോടെ ഇന്നലെ വൈകുന്നേരമാണ് പോലീസ് സ്ഥലത്തെത്തിയത്.

24 വലിയ കവര്‍ച്ചകള്‍ നടന്നിട്ടും കുലുക്കമില്ലാത്ത പരിയാരം പോലീസ് ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കേസെടുക്കാതെ വിടുന്നതായും നേരത്തെ പരാതികളുണ്ട്.

ചുമടുതാങ്ങിയില്‍ വെച്ച് നടന്നുപോകുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പ്രതിയെ കാസര്‍ഗോഡ് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് ഇവിടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ചെറുതും വലുതുമായ ഒട്ടനവധി സംഭവങ്ങളിലും കേസെടുക്കാതെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതായി പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കയാണ്.