കോട്ടയത്തിന്റെ അപ്പനാവാന്‍ തളിപ്പറമ്പ് ഒരുങ്ങുന്നു-എന്തായാലും പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണം നാളെ കോട്ടയമാകുമോ-രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ ആദ്യത്തെ ചോദ്യം ഇപ്പോള്‍ ഇതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.30 ന് കരിമ്പം കില കാമ്പസില്‍ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന് തറക്കല്ലിടാന്‍

എത്തുന്ന സാഹചര്യത്തില്‍ നഗരം പോലീസ് പിടിയിലമരും എന്ന കാര്യം ഏതാണ് തീര്‍ച്ചയായ അവസ്ഥയിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.

പ്രതിപക്ഷകക്ഷികളും ബി.ജെ.പിയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തില്‍ പോലീസ് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവില്ലെന്ന കാര്യം തീര്‍ച്ചയാണ്.

രഹസ്യാന്വേഷണ വിഭാഗവും ലോക്കല്‍ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് എടുത്ത മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ ഇതെ വരെ പുറത്തുവന്നിട്ടില്ല.

ഏത് രീതയിലുള്ള സുരക്ഷയാണ് ഒരുക്കുക എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഒരു ധാരണയുമില്ല.

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍ക്കാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല. കണ്ണൂര്‍ സിറ്റി കമ്മീഷണര്‍

ആര്‍.ഇളങ്കോ, റൂറല്‍ പോലീസ് മേധാവി പി.ബി.രാജീവ് എന്നിവരും പരിപാടി നടക്കുന്ന കരിമ്പത്തെ കില കാമ്പസില്‍ ഉണ്ടാവും.

കോട്ടയത്ത് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഏര്‍പ്പെടുത്തിയതിനേക്കാള്‍ വലിയ സുരക്ഷയാവും കരിമ്പത്തെ പരിപാടിക്ക് ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചന.

ഒരു തരത്തിലുള്ള പ്രതിഷേധത്തിനും സാഹചര്യം ഒരുക്കരുതെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച നിര്‍ദ്ദേശമെന്നാണ് അറിയുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ ഫോണില്‍ പോലും ബന്ധപ്പെടാന്‍ മടിക്കുകയാണ്.

തങ്ങളുടെ ഫോണുകള്‍ പോലീസ് ചേര്‍ത്തുന്നതായി ഒരു പ്രമുഖ നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

മുന്‍കരുതല്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവരില്‍ പലരും അണ്ടര്‍ഗ്രൗണ്ടിലാണ്. എന്തായാലും പ്രതിഷേധിക്കുമെന്നും, അത് ഏത്

രീതിയിലാണെന്ന് വെളിപ്പെടുത്താനാവില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ തളിപ്പറമ്പിലെ തീപ്പൊരി നേതാവ് പറഞ്ഞത്.

ഇന്ന് വൈകുന്നേരം മുതല്‍ തന്നെ നഗരം പോലീസ് വലയത്തിലാക്കാനാണ് ഉന്നത നിര്‍ദ്ദേശം.

ഒരു പൊടിപോലും കണ്ടുപിടിക്കാനാവാത്ത വിധം വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ തന്നെയാവും തളിപ്പറമ്പില്‍

മുഖ്യമന്ത്രിക്കായി ഒരുക്കുക. പരിപാടി നടത്തുന്ന വേദിയിലും കര്‍ശനമായ നിയന്ത്രണങ്ങളാവും ഉണ്ടാകുക.