തരുവന്തോരം പ്രിന്‍സിപ്പാള്‍മാര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ശാപമാകുന്നോ-?

പരിയാരം: ചാര്‍ജെടുത്തിട്ട് വേണം, ഒന്ന് ലീവെടുത്ത് വിശ്രമിക്കാന്‍, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എത്തുന്ന പ്രിന്‍സിപ്പാള്‍മാരുടെ അവസ്ഥ ഇത്തരത്തിലാണ്.

ജൂലായ് 18 ന് ചാര്‍ജെടുത്ത പുതിയ പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ പ്രിന്‍സിപ്പാളായി എത്തിയ ഡോ.എന്‍.റോയിയും അടുത്തിടെ പ്രമോഷന്‍ ലഭിച്ച്

തിരുവനന്തപുരത്തേക്ക് പോയ ഡോ.കെ.അജയകുമാറും ഉള്‍പ്പെടെ തിരുവനന്തപുരത്തുകാരായ പ്രിന്‍സിപ്പാള്‍മാരെല്ലാം തന്നെ ചാര്‍ജെടുത്ത ശേഷം ലിവെടുത്ത് വിരുന്നുകാരായി എത്തുന്നവരായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡോ.പ്രതാപ് സോമനാഥ് എത്തിയപ്പോഴും സ്ഥിതിക്ക് മാറ്റമില്ല.

താല്‍ക്കാലിക പ്രിന്‍സിപ്പാളാവാന്‍ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ.എസ്.അജിത്തിന്റെ ജന്‍മം പിന്നെയും ബാക്കി.

സര്‍ക്കാര്‍ ഏറ്റെടുത്ത് നാല് വര്‍ഷത്തിനകം നാല് പ്രിന്‍സിപ്പാള്‍മാര്‍ വന്നുപോയിട്ടും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ഇപ്പോള്‍ ചുമതലയേറ്റ പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് ചാര്‍ജെടുത്തിട്ട് 38 ദിവസമായിട്ടും വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം പരിയാരത്ത് ഉണ്ടായിരുന്നത്.

ഇന്ന് നടക്കുന്ന നാല് വാര്‍ഡുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനത്തിലും അധഗ്യക്ഷത വഹിക്കുന്നത് ഡോ.എസ്. അജിത്ത് തന്നെയാണ്.

ഇന്നലെ നടന്ന എം.ബി.ബി.എസ് ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ചടങ്ങിലും പ്രിന്‍സിപ്പാള്‍ പങ്കെടുത്തിരുന്നില്ല.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായി ഇടപെടാന്‍ സാധിക്കുന്ന ഒരു മുഴുവന്‍സമയ പ്രിന്‍സിപ്പാളിനെ പരിയാരത്തേക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.