കേന്ദ്ര-സംസ്ഥാന പോര് തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലിലും-ഒടുവില്‍ എല്ലാം ശുഭം

ഒരു കോടി നാല്‍പ്പത്തിയേഴ് ലക്ഷത്തി ഏഴായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

തളിപ്പറമ്പ്: നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും കേന്ദ്ര-സംസ്ഥാന പോര്- ഒടുവില്‍ എല്ലാവരും യോജിച്ച് ഫണ്ട് വകമാറ്റാന്‍ അനുമതിയും നല്‍കി.

ഇന്ന് ഉച്ചക്ക് ശേഷം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ കേന്ദ്രത്തിനെതിരെയും സംസ്ഥാനത്തിനെതിരെയും പരസ്പരം വാളോങ്ങിയത്.

തളിപ്പറമ്പ് നഗരസഭയുടെ ഫണ്ട് വിഹിതത്തില്‍ ഒരു കോടി നാല്‍പ്പത്തിയേഴ് ലക്ഷത്തി ഏഴായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

ഈ പണം നഗരസഭയുടെ മറ്റ് ഫണ്ടുകളില്‍ നിന്ന് കണ്ടെത്താനുള്ള അനുമതി തേടിയാണ് നഗരസഭ അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്.

കാര്‍ഷികാവശ്യങ്ങള്‍ക്ക് വകയിരുത്തിയ 30 ലക്ഷം രൂപയും നഗരസഭാ ടൗണ്‍ഹാളിന് നീക്കിവെച്ച 55 ലക്ഷവും വാഹനം വാങ്ങാനായുള്ള 10 ലക്ഷം രൂപയും വകമാറ്റി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഏകകണ്ഠമായുള്ള തീരുമാനമുണ്ടാവണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

കേന്ദ്രം ഫണ്ട് നല്‍കാത്തതിനാലാണ് ഇത്തരൊരു അവസ്ഥയുണ്ടായതെന്നായിരുന്നു സി.പിഎം കൗണ്‍സിലര്‍ വി.വിജയന്റെ വാദം.

എന്നാല്‍ മലപ്പുറം ഒഴികെ കേരളത്തിലുള്ള മറ്റ് നഗരസഭകള്‍ക്കുള്ള ഫണ്ട് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതെന്നും കേന്ദ്രം നോണ്‍റോഡ്-റോഡ് എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് ഫണ്ട് നല്‍കുന്നതെന്നും അതില്‍ കുറവൊന്നും വരുത്തിയിട്ടില്ലെന്നും ബി.ജെ.പി.കൗണ്‍സിലര്‍ കെ.വല്‍സരാജന്‍ പറഞ്ഞു.

പ്രതിവര്‍ഷം ഒരു കൗണ്‍സിലര്‍ വാങ്ങുന്ന ആകെ ഓണറേറിയം തുകയുടെ അത്രപോലും വാര്‍ഡിന് വേണ്ടി ചെലവിടാന്‍ ലഭിക്കുന്നില്ലെന്നും, ഇത്തരത്തിലാണെങ്കില്‍ നഗരസഭ കൗണ്‍സിലുകള്‍ പിരിച്ചുവിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്‍പറേഷന്‍, പഞ്ചായത്തുകള്‍ എന്നീ സമിതികള്‍ക്കൊന്നും പദ്ധതി വിഹിതം കുറച്ചിട്ടില്ല, മലപ്പുറം നഗരസഭയെയും ഒഴിവാക്കിയിട്ടുണ്ട്- ഇതിന്റെ കാരണം വ്യക്തമല്ലെന്നും വല്‍സരാജന്‍ പറഞ്ഞു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം, പി.വി.സുരേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒടുവില്‍ കൗണ്‍സില്‍ ഏകകണ്ഠമായി പദ്ധതി വിഹിതം വകമാറ്റാനുള്ള തീരുമാനം അംഗീകരിച്ചു.

ഈയൊരൊറ്റ അജണ്ട മാത്രമാണ് കൗണ്‍സില്‍ പരിഗണിച്ചത്.

കൗണ്‍സില്‍ പരിഞ്ഞ ശേഷം യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, കൗണ്‍സിലര്‍മാരായ കെ.രമേശന്‍, എം.കെ.ഷബിത, കെ.നബീസബീവി എന്നിവര്‍ നേതൃത്വം നല്‍കി.

കെ.എം.മുഹമ്മദ്കുഞ്ഞി, എ.പി.റസിയ, കെ.പി.ഖദീജ, പി.കെ.സാഹിദ, കെ.അബ്ദുല്‍സലീം, പി.റജില, പി.സി.നസീര്‍, ടി.മുനീറ, എം.സജീന, പി.റഹ്മത്ത്ബീഗം, സി.മുഹമ്മദ്‌സിറാജ്, നുബ്ല എന്നീ കൗണ്‍സിലര്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തു.