കൊടും ക്രൂരത-തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നായക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നാല് നായ കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നു.

ഇന്ന് വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ തളിപ്പറമ്പ് വെറ്റിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും നാല് കുഞ്ഞുങ്ങളും ചത്തു.

ഇവിടെ ആനിമല്‍ ആന്റ്‌ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവരുന്ന നായ്ക്കളെയാണ് വിഷം കൊടുത്തുകൊന്നത്.

ഇറച്ചിയില്‍ വിഷം നല്‍കിയാണ് ഇവയെ കൊന്നതെന്ന് വെറ്റിനറി സര്‍ജന്‍ പരിശോധനക്ക് ശേഷം വെളിപ്പെടുത്തി.

തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കണമെന്ന ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ നഗരസഭ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ ഇവയ്ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.

നഗരസഭക്ക് സര്‍ക്കാര്‍ ഈ ആവശ്യത്തിന് നല്‍കിയ ഫണ്ട് വകമാറ്റിയതാണ് ഇത്തരത്തില്‍ കൊടും ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറഞ്ഞു.

നായ്ക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്.