ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ തടഞ്ഞു–അധികൃതരെ കാണാതെ പോവില്ലെന്ന് പ്രസിഡന്റ്
പരിയാരം: നവജാതശിശുവിന്റെ തുടയില്‍ സൂചി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധികൃതരെ കാണാനെത്തിയ ബി.ജെ.പി.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത് വലിയപ്രതിഷേധത്തിന് ഇടയാക്കി.
തല്‍സമയം ഭരണവിഭാഗം ഓഫീസിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദറിനെ കാണാനെത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവെച്ചത്.
കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റവും നടന്നു.
ബന്ധപ്പെട്ട അധികൃതരെ കണ്ട് സംസാരിക്കാതെ പോവില്ലെന്ന നിലപാട് സ്വീകരിച്ച് ഹരിദാസ് അവിടെ കസേരയില്‍ ഇരിപ്പുറപ്പിച്ചതോടെ സുരക്ഷാ അധികൃതര്‍ വൈസ് പ്രിന്‍സിപ്പാളുമായി സംസാരിച്ച ശേഷമാണ് നിവേദനം സ്വീകരിക്കാന്‍ തീരുമാനമായത്.
ഹരിദാസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഒടുവില്‍ വൈസ് പ്രിന്‍സിപ്പാളിനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്ത ശേഷമാണ് തിരിച്ചുപോയത്.
വീഴ്ച്ച കാണിച്ച ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം: എന്‍.ഹരിദാസ്.
പരിയാരം: നവജാതശിശുവിന് പ്രതിരോധകുത്തിവെപ്പ് നല്‍കിയതില്‍ അനാസ്ഥ കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ബി.ജെ.പി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്.
അമിതമായ കമ്മീഷന്‍ ലഭിക്കാന്‍ ഗുണമേന്‍മയില്ലാത്ത സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതാണ് ഇത്തരമൊരു ഗുരുതര അനാസ്ഥക്ക് ഇടയാക്കിയതെന്നും ഹരിദാസ് പരിയാരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.