റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം തുറക്കണം- എം.പി.യുടെ ശ്രദ്ധയില്‍ പെടുത്തിയതായി രാഹുല്‍ വെച്ചിയോട്ട്

എം.പി.യുടെ ഓഫീസ് ഇടപെട്ടു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കെ സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനുവദിച്ച റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍, റെയില്‍വെ അംഗീകാരം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 31 ന് അടച്ചത്.

നേരത്തെ വര്‍ഷത്തില്‍ ഒരിക്കലായിരുന്നു പുതുക്കല്‍ നടന്നിരുന്നത്.
പിന്നീട് 6 മാസമായും മൂന്നു മാസമായും കാലാവധി കുറച്ചു.

ഇപ്പോള്‍ ഒരു വര്‍ഷമായി എല്ലാ മാസവും അവസാനത്തെ ദിവസത്തിന് മുമ്പ് പുതുക്കണം.

ഇതിന്റെ അപേക്ഷ കൃത്യമായി താലൂക്ക് ഓഫീസ് അധികൃതര്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

പ്രതിദിനം 60,000 രൂപയോളം വരുമാനമുണ്ടായിരുന്ന കൗണ്ടറിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതും ജീവനക്കാരെ നിയമിച്ചതും സംസ്ഥാന സര്‍ക്കാരാണ്.

നൂറു കണക്കിന് അന്യസംസ്ഥാനക്കാരും മലയോര മേഖലയില്‍ നിന്നുള്ള നാട്ടുകാരും ഉപയോഗപ്പെടുത്തിയ റിസര്‍വേഷന്‍ കൗണ്ടര്‍ ഉടനെ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു.

ഈ ആവശ്യം കെ.സുധാകരന്‍ എം.പി യുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹത്തിന്റെ ഓഫീസ് റെയില്‍വെ ഡിവിഷണല്‍ മാനേജരുമായി ബന്ധപ്പെട്ട് കൊണ്ടര്‍ ഉടന്‍ തുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും രാഹുല്‍ പറഞ്ഞു.